കോഴിക്കോട്: രണ്ടാംദിനവും ശക്തമായി തുടങ്ങിയ പണിമുടക്ക് ഉച്ചയോടെ അയഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാവിലെ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഉച്ചയോടെ പണിമുടക്ക് അനുകൂലികൾ പിൻവലിഞ്ഞു. പലയിടത്തും കടകൾ ഉച്ചയോടെ തുറന്നു. തിയറ്ററുകളിൽ വൈകീട്ട് ആറുമുതൽ സിനിമാ പ്രദർശനമുണ്ടായി.കടകൾ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തെ തുടർന്ന് രാവിലെ കടകൾ തുറന്നതിനെ തുടർന്ന് അരീക്കാടും രാമനാട്ടുകരയിലും വ്യാപാരികളും പണിമുടക്ക് അനുകൂലികളും ഏറ്റുമുട്ടി.അതെസമയം ഇന്നലെയും പൊതുഗതാഗതം സ്തംഭിച്ചു. കടകമ്പോളങ്ങൾ ഉച്ചവരെ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ആദ്യ ദിനത്തേക്കാൾ കൂടുതൽ നിരത്തിലിറങ്ങി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പെട്രോൾ ബങ്കുകളും പ്രവർത്തിച്ചു.
ബാങ്കിംഗ്, സഹകരണം, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കി. ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവായിരുന്നു.
കളക്ടറേറ്റിൽ 12 ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഭിമുഖ്യത്തിൽ മൊഫ്യൂസിൽ ബസ്‌സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ.നാസർ സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സി നേതാവ് കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ.സി.സതീശൻ, പി.കെ.മുകുന്ദൻ, എ.കെ.സിദ്ധാർത്ഥൻ, ഇ.പ്രേംകുമാർ, അനുഷ ബേക്കൽ, സി.പി.സദാനന്ദൻ, എം.ടി.സേതുമാധവൻ, പി.പി.സന്തോഷ്, എം.പി.സൂര്യനാരായണൻ, എൻ.മീന, ശ്രീകുമാർ, ഗഫൂർ പുതിയങ്ങാടി, യു.സതീശൻ, എൻ.കെ.സി ബഷീർ, സി.പി.സുലൈമാൻ, എ.കെ. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
കുന്ദമംഗലത്ത് സംഘടിപ്പിച്ച സമരസദസ് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എം.ബാലസുബ്രഹ്മണ്യൻ, ജനാർദ്ദനൻ കളരിക്കണ്ടി, എം. ധർമ്മജൻ, വി.ശിവദാസൻ നായർ, എ.സി.അജയ്, ഒ.സലീം, ഐ.മുഹമ്മദ് കോയ, ടി.പി.നിധീഷ്, പി.രാജൻ, ഐ.കെ.ബിജു, വി.എം.ബാലചന്ദ്രൻ, ലിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
രാമനാട്ടുകരയിൽ സംഘർഷം
രാമനാട്ടുകര: ദേശീയ പണിമുടക്കിന്റെ രണ്ടാംദിനത്തിൽ രാമനാട്ടുകരയിൽ വ്യാപാരികളും സമരക്കാരും തമ്മിൽ പോർവിളിയും കൈയാങ്കളിയും.
വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാന പ്രകാരം രാമനാട്ടുകര അങ്ങാടിയിൽ കടകൾ തുറന്നതാണ് സംഘർഷത്തിന് കാരണമായത്. കടകൾക്ക് സംരക്ഷണം നൽകാനെത്തിയ വ്യാപാരികളും പ്രകടനമായെത്തിയ സമരക്കാരും നേർക്കുനേർ പോർവിളിക്കുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയപാതയിലുണ്ടായ സംഘർഷത്തിന് പൊലീസെത്തിയാണ് അയവുവരുത്തിയത്. ഇരുകൂട്ടരും നേതാക്കളുടെ നിർദ്ദേശപ്രകാരം പ്രകടനമായി പിരിഞ്ഞു.
ചൊവ്വാഴ്ച കടകൾ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ പ്രഖ്യാപനത്തെ തുടർന്നാണ് രാമനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ കടകൾ തുറന്നത്. രാവിലെ എട്ടരയ്ക്ക് രാമനാട്ടുകര മറീന കോംപ്ലക്സിൽ ഒത്തുകൂടിയ വ്യാപാരികൾ പ്രകടനമായി തുറന്ന സ്വദേശി ട്രേഡേഴ്സിനു മുന്നിലെത്തി അഭിവാദ്യം അർപ്പിക്കുന്നതിനിടെ രാമനാട്ടുകര വൈറ്റ് ജംഗ്ഷന് സമീപം തമ്പടിച്ചിരുന്ന ട്രേഡ് യൂണിയൻ നേതാക്കളും സമരാനുകൂലികളും പ്രകടനമായെത്തി വ്യാപാരികൾ മുദ്രാവാക്യം വിളിക്കുന്ന കടയ്ക്ക് അഭിമുഖമായി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതിനിടെ ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇരു വിഭാഗം നേതാക്കളുമായി സംസാരിച്ച് വൈകീട്ട് 4 മണിക്ക് കടകൾ തുറക്കാൻ ധാരണയായി. തുറന്ന കടയുടെ ഷട്ടർ താഴ്ത്തുകയും ചെയ്തു. തീരുമാനമറിഞ്ഞ് സമരക്കാർ ആർപ്പു വിളിച്ചതോടെ പ്രകോപിതരായ വ്യാപാരികൾ അടച്ച കടയുടെ ഷട്ടർ ഉയർത്തുകയും സമരക്കാരെ വെല്ലുവിളിക്കുകയും ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സമരാനുകൂലികളായ നഗരസഭാ മുൻ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ,രാജൻ പുൽപ്പറമ്പിൽ, ബേപ്പൂർ നിയോജക മണ്ഡലം ഐക്യട്രേഡ് യൂണിയൻ കൺവീനർ എം.സമീഷ്, ചെയർമാൻ സിദ്ദിഖ് വൈദ്യരങ്ങാടി, എം.ഗോപാലകൃഷ്ണൻ, പാഞ്ചാള ഉസ്മാൻ, രാജേഷ് നെല്ലിക്കോട്, വൈ.മാധവപ്രസാദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി സലീം രാമനാട്ടുകര ,യൂണിറ്റ് പ്രസിഡന്റ് അലി പി ബാവ ,ജനറൽ സെക്രട്ടറി പി.എം.അജ്മൽ, ടി.മമ്മദ് കോയ, സി. ദേവൻ, സി.സന്തോഷ് കുമാർ, അസ്ലം പാണ്ടികശാല, സംഷീർ പള്ളിക്കര, എം.കെ.സമീർ എന്നിവർ നേതൃത്വം കൊടുത്തു.