കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചിരുന്നു പഠിക്കാം. സർക്കാർ ഉത്തരവായതോടെ അഞ്ച്, എട്ട്. പ്ലസ് വൺ ക്ലാസ്സുകളിലേക്കാണ് അടുത്ത അദ്ധ്യയന വർഷം മുതൽ ആൺകുട്ടികൾ എത്തുക. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കണെന്ന വർഷങ്ങളായുള്ള ആവശ്യം 'ഒന്നിച്ച് വരാൻ ഒന്നിച്ച് പഠിച്ചൂടെ' എന്ന പേരിൽ കേരള കൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. വാർത്തയെത്തുടർന്ന് കൃത്യം മൂന്നു മാസത്തിന് ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇതോടെകാൽ നൂറ്റാണ്ട് കാലത്തെ ആവശ്യംസാക്ഷാത്ക്കരിച്ച
സന്തോഷത്തിലാണ് നാട്ടുകാരും വിദ്യാർത്ഥികളും. 1977 ൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി ആയപ്പോൾ മുപ്പത് ആൺകുട്ടികൾക്ക് പ്ലസ് വൺ ക്ലാസ്സിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ സ്കൂൾ പി.ടി എ യുടെ കനത്ത എതിർപ്പിനെ തുടർന്ന് പിന്നീട് ആൺകുട്ടികൾക്ക് പ്രവേശനം നല്കിയില്ല. പി.ടി.എ. സർക്കാറിൽ സമ്മർദ്ദം ചെലുത്തിയാണ് ആൺകുട്ടികളുടെ പ്രവേശനം റദ്ദാക്കിയത്. പിന്നീട് പി.ടി എ. മിക്സഡ് ആക്കാൻ തീരുമാനമെടുക്കാറുണ്ടെങ്കിലും നടപടികൾ എങ്ങുമെത്താറില്ല. ഒടുവിൽ ഗവ: ബോയ്സ് ഹയർ സെക്കൻഡറി മിക്സഡ് ആക്കിയതോടെ ഗേൾസിലും മിക്സഡ് ആക്കണമെന്ന അഭിപ്രായം ശക്തിപ്പെടുകയായിരുന്നു. കാനത്തിൽ ജമീല എം.എൽ.എയുടെ ഇടപെടലുകളെത്തുടർന്ന് സർക്കാരിന്റെ ഉത്തരവും പെട്ടന്നായി. ജില്ലയിലെ അവശേഷിക്കുന്ന സ്കൂളുകളും ആൺ-പെൺ ഭേദമില്ലാത്ത അന്തരീക്ഷത്തിലേക്ക് മാറാൻ ഇത് വഴി കാട്ടുമെന്നുറപ്പാണ്.