55.20 കോടിയുടെ ബഡ്ജറ്റ്
കൽപ്പറ്റയെ സ്മാർട്ടാക്കാൻ 2.15 കോടി
കുടിവെള്ളത്തിന് 6.30 കോടി
വീട്ടിലിരുന്നും ഒ.പി.ടിക്കറ്റെടുക്കാം
നഗരത്തിൽ സിഗ്നൽ ക്യാമറ, വൈഫൈ
കൽപ്പറ്റ: ജില്ലാ ആസ്ഥാനമായ കൽപ്പറ്റയെ സ്മാർട്ടാക്കാൻ 2 കോടി 15 ലക്ഷം രൂപ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ അടുത്ത ഘട്ടമായി നഗരത്തെ സ്മാർട്ടാക്കുകയാണ് ലക്ഷ്യം. ജംഗ്ഷനുകളിൽ സൈൻ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കൈനാട്ടി ജംഗ്ഷനിൽ ട്രാഫിക് പരിഷ്‌കരണം പൂർത്തിയാക്കി ഗാന്ധി പ്രതിമ സ്ഥാപിക്കും. സുരക്ഷിതത്വം ഉറപ്പാക്കാനായി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കും. വൈഫൈ സംവിധാനമൊരുക്കും. ക്ലോക്ക് ടവർ സ്ഥാപിക്കും. നഗര സൗന്ദര്യവൽകരണം സമ്പൂർണ്ണമാക്കും.
മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളമുറപ്പാക്കാൻ വാട്ടർ കണക്‌ഷന് 6 കോടി 30 ലക്ഷം രൂപ, സമ്പൂർണ്ണ ഭവന പദ്ധതിക്കായി 5 കോടി 70 ലക്ഷം രൂപ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 3 കോടി, ശുചിത്വത്തിന് 1 കോടി 78 ലക്ഷം രൂപ, ആരോഗ്യ സുരക്ഷയ്ക്കായി 1 കോടി, പശ്ചാത്തല വികസനം 1.72 കോടി തുടങ്ങി അടിസ്ഥാന വികസനം ഉറപ്പാക്കിയുള്ള ബഡ്ജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ കെ.അജിത അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു.
കൈനാട്ടി ജനറൽ ആശുപത്രിയിൽ ഈവനിംഗ് ഒ.പി.സൗകര്യം തുടങ്ങും. മുണ്ടേരി, കൈനാട്ടി ആശുപത്രികളിൽ വരിയിൽ നിൽക്കാതെ വീട്ടിൽ നിന്ന് ഒ.പി. ടിക്കറ്റെടുക്കാനുള്ള സൗകര്യം നടപ്പാക്കും. വനിതാ ശാക്തീകരണത്തിന് (അപ്പാരൽ പാർക്ക്, ചപ്പൽ വില്ലേജ്, മിനറൽ വാട്ടർ യൂണിറ്റ്, മെൻസ്ട്രൽ കപ്പ് വിതരണം) 40 ലക്ഷം രൂപ ബഡ്ജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. മൂച്ചിക്കുണ്ട് വികസനത്തിനും നീന്തൽ പരിശീലനത്തിനായി 10 ലക്ഷം, ഹരിത കർമ്മസേനയ്ക്ക് 8 ലക്ഷം, ടേക് എ ബ്രേക്ക് പദ്ധതിക്ക് 30 ലക്ഷം, മുണ്ടേരി പാർക്ക് നവീകരണത്തിനായി 50 ലക്ഷം രൂപയും വകയിരുത്തി.
ആനപ്പാറ മുണ്ടേരി റോഡ് നവീകരണത്തിന് 2.93 കോടിയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 25 ലക്ഷം, ക്യാൻസർ,കിഡ്നി രോഗികളുടെ സൗജന്യ ചികിൽസക്കായുള്ള സ്‌നേഹസ്പർശം പദ്ധതിക്കായി 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിന് 1.15 കോടി, ടൗൺഹാളിന് 5 കോടി, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പരിരക്ഷയ്ക്കായുള്ള ആശ്വാസം പദ്ധതിക്ക് 35 ലക്ഷം രൂപയും ബഡ്ജറ്റിലുണ്ട്.
വരവ് 55,20,76,100.
ചെലവ് 54,48,35,100.
നീക്കിയിരിപ്പ് 72,41,000.