സുൽത്താൻ ബത്തേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്. സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തായാണ് നൂൽപ്പുഴയെ തെരഞ്ഞെടുത്തത്. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.
നാൽപത് ശതമാനത്തോളം ആദിവാസി ജനത പാർക്കുന്ന നൂൽപ്പുഴ പഞ്ചായത്തിൽ കോളനികളിലെ രോഗികൾക്ക് ഡോക്ടറുമായി സംവദിക്കാൻ കഴിയുന്ന ടെലി മെഡിസിൻ സംവിധാനം, ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ദന്തപരിചരണ വിഭാഗം, തമിഴ്നാട്ടിലെയും കർണാടകത്തിലെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കൂടി ഉപകാരപ്പെടുന്ന ഫിസിയോതെറാപ്പി സെന്റർ, ആദിവാസി വിഭാഗങ്ങൾക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ ഗോത്ര സ്പർശം, ഇ ഹെൽത്ത്, ആദിവാസി ഗർഭിണികൾക്കായുള്ള പ്രസവ പൂർവ ഗൃഹമായ പ്രതീക്ഷ, പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയും ആയുർവേദ ആശുപത്രിയും നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് നൂൽപ്പുഴ പഞ്ചായത്തിനെ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.
ജില്ലാതലത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മുട്ടിൽ പഞ്ചായത്തിനും അമ്പലവയൽ പഞ്ചായത്തിനുമാണ്.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്. പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വിലയിരുത്തുന്ന ഘടകങ്ങളാണ്.
പുരസ്‌ക്കാര നിറവിൽ എടവക
കൽപ്പറ്റ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം എടവക ഗ്രാമപഞ്ചായത്തിന്. ജില്ലാ തലത്തിൽ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പഞ്ചായത്തിനു ലഭിക്കുക.
ആരോഗ്യമേഖലയിൽ ഈ വർഷം എടവക ഗ്രാമ പഞ്ചായത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരമാണിത്. നേരത്തെ എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാംഗീകാരമായ എൻക്വാസ്, ആരോഗ്യ വകുപ്പിന്റെ കായകൽപ അവാർഡുകളും ലഭിച്ചിരുന്നു. പുരസ്‌കാര നേട്ടത്തിനായി അക്ഷീണം പ്രയത്നിച്ച ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ, സെക്രട്ടറി, ആരോഗ്യ വകുപ്പ് ജീവനക്കാർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ആശാവർക്കർമാർ, വാർഡ് തല സമിതി അംഗങ്ങൾ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അഭിനന്ദിച്ചു.