 
കൊയിലാണ്ടി: പന്തലായനി സെൻട്രലിലെ അരീക്കുന്ന് നാല് സെന്റ് കോളനിയിൽ ജല വിതരണത്തിന് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. നാല്പത് വർഷമായി കുന്നുംപുറം കോളനിയാക്കിയ സ്ഥലത്ത് ഏഴു കുടുംബങ്ങളാണ് താമസിക്കുന്നത്. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നഗരസഭ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമാണ് ഈ വെള്ളം. മറ്റു കാര്യങ്ങൾക്ക് നൂറ് മീറ്ററോളം താഴെയുള്ള പാറക്കുളത്തെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. കോളനിക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് വെള്ളമടിക്കാൻ ഉപയോഗിച്ച സൗകര്യം ഉപയോഗിച്ചാണ് കോളനിക്കാർ അലക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള
വെള്ളമെടുക്കുന്നത്. ഇതിനായി വരുന്ന ചെലവ് കുടുംബങ്ങൾ തന്നെയാണ് വഹിക്കുന്നത്. കുന്നിൻ പുറത്ത് സ്വാഭാവികമായി രൂപം കൊണ്ട നീരുറവയിൽ നിന്നാണ് വേനലിനു മുൻപുള്ള പത്ത് മാസക്കാലം കുടിവെള്ളം ശേഖരിക്കുന്നത്. എന്നാൽ വേനലിൽ നീരുറവ വറ്റുന്നതോടെ ഇവിടെ ജലക്ഷാമം രൂക്ഷമാകുകയാണ്.
വർഷങ്ങൾക്ക് മുമ്പ് കോളനിയിലേക്ക് വെള്ളമെത്തിക്കാൻ നഗരസഭ സംവിധാനം ഒരുക്കിയിരുന്നു. വൈദ്യുതി ചാർജ് കോളനിവാസികൾ അടയ്ക്കണമെന്നാണായിരുന്നു വ്യവസ്ഥ. എന്നാൽ എത്തുന്നത് മലിന ജലമാണെന്ന് പറഞ്ഞ് കോളനി നിവാസികർ ബില്ല് അടയ്ക്കാതിരിക്കുകയും ക്രമേണേ വൈദ്യുതി കണക്ഷൻ വിച്‌ഛേദിക്കുകയുമായിരുന്നു.
ചില സന്നദ്ധസംഘടനകൾ വരൾച്ച കാലത്ത് ജല വിതരണം നടത്തുന്നുണ്ടെങ്കിലും മഴ പെയ്താൽ ടാങ്കർ ലോറി കൾക്ക് കുന്നിൻ മുകളിലെത്താൻ സാധിക്കാത്ത അവസ്ഥയാണ്. താമസക്കാരിൽ രോഗികളും പ്രായമേറിയവരും ഉള്ളതിനാൽ ഇവർക്ക് താഴോട്ടിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് നഗരസഭ അരീക്കുന്ന് കോളനിയിലേക്ക് ശുദ്ധജലമെത്തിക്കാൻ സ്ഥിര സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.