സുൽത്താൻ ബത്തേരി: വളർത്തി വലുതാക്കിയ മക്കൾ ജീവിത സായാഹ്നത്തിലെത്തുന്ന അച്ഛനമ്മമാരെ കൈവെടിയുന്ന അവസ്ഥയാണ് സമൂഹത്തിൽ കാണാൻ കഴിയുന്നതെന്ന് സീനിയർ സിറ്റിസൺ അംഗങ്ങൾ. ബത്തേരിയിൽ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന പ്രായമായവരിൽ നിന്നാണ് പരിദേവനം ഉയർന്നത്.
വയസ്സായ മാതാപിതാക്കളെ നോക്കാൻ മക്കൾക്ക് സമയമില്ല. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ വർദ്ധനവ് ഇതാണ് സൂചിപ്പിക്കുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള അവകാശങ്ങൾ പലർക്കും അറിയില്ല. ജീവിതത്തിന്റെ നല്ലൊരു പങ്കും സമൂഹത്തിനായി മാറ്റിവെച്ചവരാണ് മുതിർന്ന പൗരന്മാർ. പൊലീസ് ഒപ്പമുണ്ടെന്ന സന്ദേശം നൽകികൊണ്ടാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബത്തേരി പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് എല്ലാവരും ഒത്തുകൂടിയത്.

10 സ്ത്രീകൾ ഉൾപ്പെടെ 55 പേരാണ് ഒത്തുചേർന്നത്. നിയമബോധവൽക്കരണ ക്ലാസ് ജില്ലാ അഡീഷണൽ എസ്.പി ജി.സാബു ഉദ്ഘാടനം ചെയ്തു. ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ജില്ലാ നോഡൽ ഓഫീസർ ശശിധരൻ, എ.എസ്.ഐ സണ്ണിജോസഫ്, പ്രഭാകരൻനായർ എന്നിവർ സംസാരിച്ചു.
തുടർന്ന് മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഉല്ലാസ യാത്രയും നടത്തി. സംഘത്തിന് വനം വകുപ്പ് ഡോർമെറ്ററിയിൽ സ്വീകരണം നൽകി. ഡെപ്യുട്ടി റെയിഞ്ച് ഓഫീസർ സുന്ദരൻ വനത്തേയും വന്യജീവികളെയും പറ്റി വിശദീകരിച്ചു. വനത്തിന്റെ പച്ചപ്പ് മനസിലേക്കാവാഹിച്ചാണ് പ്രസരിപ്പോടെ എല്ലാവരും മടങ്ങിയത്.