കോഴിക്കോട്: മണ്ണെണ്ണ വിലയിലുണ്ടായ വർദ്ധനയും മാറ്റമില്ലാതെ തുടരുന്ന സബ്സിഡി നിരക്കും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നു. പൊള്ളുംവിലയ്ക്ക് മണ്ണെണ്ണ വാങ്ങി തോണിയിറക്കാൻ കഴിയാതായതോടെ വറുതിയിലാണ് ഈ കടലിന്റെ മക്കൾ. സിവിൽ സപ്ലൈസും മത്സ്യഫെഡുമാണ് മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ലിറ്ററിന് 40 രൂപയുണ്ടായിരുന്നപ്പോൾ മത്സ്യഫെഡ് നൽകിയ 25 രൂപ സബ്സിഡി തന്നെയാണ് ഇപ്പോഴും തുടരുന്നത്. സിവിൽ സപ്ലൈസാവട്ടെ പെർമിറ്റ് വെരിഫിക്കേഷൻ നടത്തി മാസം രണ്ടായിട്ടും മണ്ണെണ്ണ വിതരണം നടത്തിയിട്ടില്ല. 48 രൂപയ്ക്കായിരുന്നു സിവിൽ സപ്ലൈസ് വിതരണം നടത്തിയിരുന്നത്. മത്സ്യഫെഡിൽ മണ്ണെണ്ണ വിലയിപ്പോൾ 126 രൂപയായി ഉയർന്നിരിക്കുകയാണ്. പൊതുവിപണിയിൽ 96 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുമ്പോഴാണ് മത്സ്യഫെഡിലെ ഈ പകൽകൊള്ള.
കഴിഞ്ഞ ബഡ്ജറ്റിൽ 60 കോടി രൂപ വകയിരുത്തി മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല. അയൽ സംസ്ഥാനമായ കർണാടകയിലും തമിഴ്നാട്ടിലും 350 ലിറ്റർ മണ്ണെണ്ണ 25 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്.
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകണമെങ്കിൽ കൂടുതൽ ഇന്ധനം ആവശ്യമായതിനാൽ മാസത്തിൽ നാലോ അഞ്ചോ ദിവസം മാത്രമാണ് ഇവർ കടലിലിറങ്ങുന്നത്. ഒരു വള്ളത്തിന് മാസം 300 മുതൽ 500 ലിറ്റർ വരെ മണ്ണെണ്ണ വേണം. 300 ലിറ്റർ മണ്ണെണ്ണയ്ക്ക് 126 രൂപ നിരക്കിൽ 37, 800 രൂപയാണ് നൽകേണ്ടി വരുന്നത്. സബ്സിഡിയായി 7500 രൂപ ലഭിക്കുമെങ്കിലും മാസങ്ങൾ കാത്തിരിക്കണം.
വള്ളങ്ങളുടെ എൻജിൻ കാലപരിധി 12 വർഷമായി നിശ്ചയിച്ചതും ഇരുട്ടടിയായിരിക്കുകയാണ്. ഒരു എൻജിന് സബ്സിഡിയും കഴിച്ച് 1,68,000 രൂപ നൽകണം. അന്നന്നത്തെ അന്നത്തിനായി കടലിനെ ആശ്രയിക്കേണ്ടി വരുന്ന ഇവർക്ക് ഇത്രയും വില നൽകി എൻജിൻ വാങ്ങുക എളുപ്പമുള്ള കാര്യമല്ല.
126 രൂപ കൊടുത്ത് മത്സ്യഫെഡിൽ നിന്ന് മണ്ണെണ്ണ വാങ്ങുന്നതിനേക്കാൾ ഭേദം കരിഞ്ചന്തയിൽ നിന്ന് വാങ്ങുന്നതാണ്. സബ്സിഡി പകുതി വിലയെങ്കിലും വേണം. സുരേഷ് എ.പി, പ്രസിഡന്റ്, കൊയിലാണ്ടി വഞ്ചി അസോസിയേഷൻ.
ഇന്ധന സബ്സിഡി
തത്സമയം നൽകണം
കോഴിക്കോട്: ഇന്ധനവില വർദ്ധനവിൽ നിന്ന് മത്സ്യമേഖലയെ പിടിച്ചുനിറുത്താൻ സബ്സിഡി തത്സമയം നൽകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ആവശ്യാനുസരണം എണ്ണ ലഭ്യമാക്കി മത്സ്യഫെഡ് സാമൂഹിക പ്രതിബദ്ധത കാട്ടണം. സിവിൽ സപ്ലൈസ് മണ്ണെണ്ണ വിതരണം കാര്യക്ഷമമാക്കണം വാർത്താസമ്മേളനത്തിൽ എം.പി.അബ്ദുൾ റാസിഖ്, സുരേഷ് എ.പി, ബഷീർ.കെ.പി, സിദ്ധീഖ്.എൻ.പി, കോയമോൻ.പി.പി എന്നിവർ പങ്കെടുത്തു.