സുൽത്താൻ ബത്തേരി: നവീകരിച്ച ബത്തേരി നൂൽപ്പുഴ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
സുൽത്താൻ ബത്തേരിയെയും തമിഴ്നാട്ടിലെ പാട്ടവയൽ ടൗൺ, ഊട്ടി എന്നിവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബത്തേരി-നൂൽപ്പുഴ റോഡ്. 4 കോടി രൂപ മുടക്കിയാണ് 5.705 കി.മീ നീളമുള്ള റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. സംരക്ഷണ ഭിത്തി അടക്കമുള്ള റോഡ് സുരക്ഷാ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്.
ബത്തേരി ഡയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്തു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.പി.സാബു റിപ്പോർട്ട് അവതരിപ്പിച്ചു. രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, അസി: എഞ്ചിനീയർ പി.എസ്.പ്രജിത, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശി, തുടങ്ങിയവർ സംസാരിച്ചു.