മാവൂർ: നിയമങ്ങൾ കാറ്റിൽ പറത്തി മാവൂർ, പെരുവയൽ പഞ്ചായത്തുകളിൽ തണ്ണീർതടങ്ങൾ ഉൾപ്പെടുന്ന പാടശേഖരങ്ങൾ നികത്തുന്നത് തുടർകഥയാവുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ട അധികൃതർ. അധികൃതരുടെ ഒത്താശയോടെയാണ് നിയമലംഘനമെന്ന് ആരോപണമുണ്ട്. അധികൃതരുടെയും രാഷ്ടീയപാർട്ടികളുടെയും മൗനാനുവാദത്തോടെയാണ് നെൽവയലുകൾ നികത്തുന്നത്. രാത്രിയുടെ മറവിലാണ് വയലുകൾ നികത്തുന്നത്. വർഷത്തിൽ മൂന്നു തവണ കൃഷിയിറക്കുന്ന പാടശേഖരങ്ങളാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നത്. നെൽവയലുകളും വാഴകൃഷിത്തോപ്പുകളുമാണ് മണ്ണിട്ട് നികത്തുന്നത്. കെട്ടിടങ്ങൾ പണിയാനാണ് വയലുകൾ നശിപ്പിക്കുന്നത്. മാവൂർ മേച്ചേരികുന്ന് ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തെ വയലുകൾ കഴിഞ്ഞ ദിവസങ്ങളിൽ നികത്തിയിരുന്നു. വയലുകൾ നികത്തി റോഡ് നിർമിക്കുന്നത് വഴി വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. റോഡിന് ഇരുവശങ്ങളിൽ വെള്ളം ഒഴുകനായി പൈപ്പിടുകയോ ഓവുചാൽ നിർമിക്കുകയോ ചെയ്തിട്ടില്ല. ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ലെന്നും പരിസരവാസികൾ പറയുന്നു.
രണ്ട് തവണയായി ഇവിടെ മണ്ണ് ഇറക്കി നികത്തിയിട്ടുണ്ട്. സമാന രീതിയിൽ പള്ളിയോൾ പ്രദേശത്തേ നാലോളം. വ്യക്തികൾ വയലിൽ മണ്ണിട്ട് സ്വകാര്യ റോഡ് നിർമ്മിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സമീപകാലത്ത് നിരവധി കർഷകർ കൃഷി ഉപേക്ഷിക്കുകയുണ്ടായി. പെരുവയൽ പഞ്ചായത്തിലെ പെരിങ്ങൊളം .എരഞ്ഞോളി താഴം, മനത്താനത്ത് പള്ളി റോഡ്, കുരിക്കത്തൂർ തുടങ്ങിയ ഇടങ്ങളിലാണ് വ്യാപകമായ രീതി മണ്ണിട്ട് നികത്തുന്നത്ത്. കൃഷി ചെയുന്ന വയലുകൾ വെള്ളം കെട്ടി നിന്ന് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് നിലവിൽ കർഷകർ. വില്ലേജ് ഓഫീസിൽ പരാതി നൽകിയപ്പോൾ മണ്ണ് എടുത്ത് മാറ്റാൻ ഫണ്ടില്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി.