
കോഴിക്കോട്: പാർട്ടി ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗത്തിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവർകോവിലിനെ തിരഞ്ഞെടുത്തു. കാസിം ഇരിക്കൂറാണ് ജനറൽ സെക്രട്ടറി. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഡോ.എ.എ.അമീൻ, എം.എം.മാഹീൻ, മൊയ്തീൻകുഞ്ഞി കളനാട്, സലാം കുരിക്കൾ (വൈസ് പ്രസിഡന്റുമാർ), എം.എ ലത്തീഫ്, എം.എം.സുലൈമാൻ, ഒ.ഒ. ഷംസു, അഷ്‌റഫലി വല്ലാഞ്ചിറ (ജോയിന്റ് സെക്രട്ടറിമാർ), ബി.ഹംസ ഹാജി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഏഴു സെക്രട്ടേറിയറ്റ് അംഗങ്ങളെയും 12 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം അബ്ദുൾ വഹാബ് വിഭാഗം യോഗം ചേർന്ന് സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചിരുന്നു. ഒരുമിച്ച് നീങ്ങണമെന്ന സി.പി.എം താക്കീത് വകവയ്ക്കാതെയാണ് ഇരുവിഭാഗവും ബലപരീക്ഷണത്തിന് ഒരുങ്ങി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ഐ.എൻ.എൽ വിഭാഗങ്ങളെ സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
'ഡ്യൂപ്ലിക്കേറ്റ് സ്വാഭാവികം'
ഐ.എൻ.എൽ ഒന്നു മാത്രമേയുള്ളൂവെന്നും ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ഇറങ്ങാറുണ്ടെന്നും വഹാബ് വിഭാഗത്തെ വിമർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
വഹാബിന്റെ നേതൃത്വത്തിൽ മന്ത്രിക്കെതിരെ എൽ.ഡി.എഫിൽ പരാതി നൽകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആർക്കും ആരെക്കുറിച്ചും എവിടെയും പരാതി നൽകാമല്ലോ എന്നായിരുന്നു മറുപടി.