 
സുൽത്താൻ ബത്തേരി: തലചായ്ക്കാനിടമില്ലാതെ ഏഴംഗ കുടുംബം പ്ലാസ്റ്റിക് കൂരയ്ക്കുള്ളിൽ കഴിയുന്നു. നെന്മേനി പഞ്ചായത്തിലെ കൊഴുവണയിൽ തേവർതൊടി അബ്ദുൾനാസറും കുടുംബവുമാണ് ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ കഴിയുന്നത്.
ഭാര്യയും പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട കുട്ടികളും അഞ്ചു വയസുള്ള ഇരട്ട കുട്ടികളുമാണ് അബ്ദുൾ നാസറിന്.
പശുവിനെ വളർത്തിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ രോഗങ്ങൾ പിടികൂടിയതോടെ പശുവളർത്തൽ ബുദ്ധിമുട്ടായി. ഉപജീവനത്തിനായി ഒരു പശുവിനെ മാത്രം നിർത്തി ബാക്കിയുള്ളവയെ വിറ്റ് കുട്ടികളുടെ പഠനവും ചികിൽസാ ചെലവുകളും നടത്തി. കുട്ടികളെ നോക്കേണ്ടതിനാൽ നാസറിന്റെ ഭാര്യയ്ക്ക് പണിക്കൊന്നും പോകാനും സാധിക്കില്ല.അഞ്ച് സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. ഇവിടെയാണ് പ്ലാസ്റ്റിക്ക്കൊണ്ട് കൂര കെട്ടിയുണ്ടാക്കിയത്. അടുത്തിടെ സഹോദരൻ താമസിച്ചിരുന്ന വീട് പൊളിച്ചപ്പോൾ അയാൾ താമസിച്ചിരുന്ന വീടിന്റെ ചായ്പ്പിലേക്ക് താമസം മാറ്റി.
പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടുതന്നെയാണ് ഇതും കെട്ടിയുണ്ടാക്കിയത്. ലൈഫ് ഭവന പദ്ധതിയിൽ വീടിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഭാര്യയുടെ പേരിലുള്ള റേഷൻ കാർഡിൽ അബുൾനാസറിന്റെ പേര് ഇല്ലെന്നതാണ് കാരണം. അഞ്ച് സെന്റ് സ്ഥലമുള്ളത് നാസറിന്റെ പേരിലായതിനാൽ ഭാര്യയുടെ പേരിൽ വീട് ലഭിക്കുകയുമില്ല.
ഇങ്ങനെ നിയമത്തിന്റെ നുലാമാലയിൽപ്പെട്ട് കിടക്കുകയാണ് ഇവരുടെ വീട് എന്ന സ്വപ്നം.