
കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന സംവിധായകൻ ജോൺഎബ്രഹാമിന്റെ ചോദ്യം പോലെയാണ് കോട്ടയത്ത് തെരുവ് നായ്ക്കളില്ലാത്തെ വഴിയേതെന്ന ചോദ്യവും. നിരന്തരം വാർത്ത എഴുതി മാദ്ധ്യമങ്ങളും, പരാതിപ്പെട്ട് നാട്ടുകാരും മടുത്തിട്ടും തെരുവ് നായ്ക്കളുടെ കടി കൊള്ളാതെ കാറിൽ കറങ്ങി ജനക്ഷേമം നടപ്പാക്കുന്നവർ അനങ്ങാപ്പാറ നയം തുടരുകയാണ്. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പിടിച്ചെടുത്ത് തന്നെ കൊണ്ടു വിടുന്ന എ.ബി.സി പദ്ധതി വരും അതോടെ പ്രശ്നം തീരുമെന്ന് ബന്ധപ്പെട്ടവർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പദ്ധതി വന്നു. എന്തിനും ഏതിനുമെന്നപോലെ തെരുവു നായ്ക്കളെയും പിടിക്കാൻ കുടുംബശ്രീക്കാരെ ചുമതലപ്പെടുത്തി. പരിശീലനം ലഭിക്കാത്തതിനാൽ നായ്ക്കളുടെ കടികൊള്ളുമെന്ന് പേടിച്ചു പലരും തയ്യാറായില്ല. കുടുംബശ്രീക്കാരെ പട്ടിപിടുക്കാൻ ചുമതലപ്പെടുത്തിയതിനെതിരെ ചിലർ കോടതിയെ സമീപിച്ചതോടെ പദ്ധതി പെരുവഴിയിലായി. ഫണ്ട് വക മാറ്റിയെന്ന ആരോപണവും ഇതിനിടെ ഉയർന്നു.
നഗരം ഭരിക്കുന്നവരുടെ "കഴിവ് " കൊണ്ട് മാലിന്യ സംസ്കരണം പാളി. മാലിന്യം കുന്നു കൂടുന്നതിനൊപ്പം തെരുവ് നായ്ക്കളും പെറ്റ് പെരുകുകയാണ്. ഓരോ പ്രധാന കേന്ദ്രങ്ങളും ഭരിക്കുന്നത് നായ്ക്കളായി. പല നഗരസഭകളിലും നായ്ക്കളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിച്ച് ഭക്ഷണം നൽകാൻ സന്നദ്ധസംഘടനകളുടെ സഹായവും തേടിയതോടെ തെരുവിലെ ശല്യം കുറഞ്ഞു. കോട്ടയം നഗരത്തിലും അത്തരമൊരു കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ഉയർന്നിട്ടും ബന്ധപ്പെട്ടവർ മുഖം തിരിച്ചു നിൽക്കുകയാണ്. കൗൺസിൽ യോഗം ചേർന്നാൽ തെരുവ് നായ്ക്കളെ വെല്ലുന്ന തരത്തിൽ ചാനൽകാമറകളുടെ മുന്നിൽ കടിപിടി കൂട്ടുന്നവർക്ക് ജനകീയ പ്രശ്നങ്ങൾ പരിഹാരിക്കാൻ നേരമില്ല. മേനകാ ഗാന്ധി കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് നായപ്രേമികൾ സംഘടിച്ച് മെമ്മോറാണ്ടം നൽകിയതോടെ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നിരോധനം വന്നത്. അവർ മന്ത്രിയല്ലാതായിട്ട് വർഷങ്ങളായി. അവരുടെ പേര് പറഞ്ഞാണ് ഇപ്പോഴും കൊല്ലാത്തത്. എന്തിലും ഇടപെടുന്ന കോടതിയുടെ ഭാഗത്തു നിന്ന് പോലും തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനുള്ള നടപടി ഉണ്ടായില്ല. കൗതുകകരമായ സമരങ്ങൾക്ക് നേതൃത്വം നൽകാറുള്ള സജിമഞ്ഞക്കടമ്പിൽ യൂത്ത് ഫ്രണ്ട് നേതാവായിരുന്നപ്പോൾ തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ കുറെ തെരുവ് നായ്ക്കളെ കൊന്ന് നഗരസഭയുടെ മുന്നിൽ കെട്ടി തൂക്കിയിട്ടുള്ള പ്രതിഷേധ സമരം നടത്തിയിരുന്നു. നാട്ടുകാരുടെയും മാദ്ധ്യമങ്ങളുടെയും പിന്തുണ ലഭിച്ച സമരമായിട്ടും വർഷങ്ങളായി അതിന്റെ പേരിൽ സജിയുടെ കോടതി കയറ്റം ഇനിയും അവസാനിച്ചിട്ടുമില്ല. തെരുവ് നായ്ക്കളെ തല്ലിക്കൊല്ലാൻ കടികൊണ്ട് സഹികെട്ട നാട്ടുകാർ നിർബന്ധിതമാകുന്ന സാഹചര്യം ഉണ്ടാക്കരുതെന്നാണ് അധികൃതരെ ഓർമിപ്പിക്കാനുള്ളത്.