hotel

കോട്ടയം: ബാറുകളുടെ സമയക്രമം കൂട്ടി, തിയേറ്ററുകൾ പൂർണതോതിലായി. മുഖത്തെ മാസ്കും സാമൂഹിക അകലവുമൊഴിച്ച് മുഴുവൻ കൊവിഡ് നിയന്ത്രങ്ങൾക്കും ഇളവു വരുമ്പോൾ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് വിപണി. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോൾ അടച്ചിട്ട കാലത്തെ നഷ്ടം നികത്താമെന്നാണ് വ്യാപര ലോകത്തിന്റെ പ്രതീക്ഷ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറുമ്പോൾ വിവിധ വാണിജ്യമേഖലകൾക്ക് ആശങ്കകളുമുണ്ട്.

 സമയമെടുക്കുമെന്ന് വ്യാപാരികൾ

നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ശുഭപ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വ്യാപാരരംഗം സാവധാനമെ പഴയനിലയിലെത്തൂ എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്കുട്ടി പറ‌ഞ്ഞു. വ്യാപാര രംഗത്ത് പൊതുവേ മാന്ദ്യമുള്ള മാസമാണ് മാർച്ച്. പരീക്ഷക്കാലമായതിനാൽ ഷോപ്പിംഗ് കുറയും. പിന്നെ വേനലവധി. എന്നാൽ സ്‌കൂൾ തുറക്കുന്നതോടെ വാണിജ്യരംഗം ശക്തിപ്പെടും. എങ്കിലും അപ്പോഴേക്കും കൊവിഡിന്റെ അടുത്ത തരംഗം ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. എങ്കിലും നിയന്ത്രണങ്ങൾ ഒഴിവായതിനെ വലിയ പ്രതീക്ഷയോടെയാണ് വ്യാപാരി സമൂഹം കാണുന്നത്.

ഹോട്ടലുകളിൽ ആളെത്തും

നിയന്ത്രണങ്ങൾ ഇല്ലാതാകുന്നതോടെ ഹോട്ടലുകളിൽ ആളുകൾ കൂടുതലായി എത്തിത്തുടങ്ങുമെന്നത് ആശ്വാസമാണെങ്കിലും ഈ മേഖലയിൽ കൂടുതൽ പണം മുടക്കാൻ നിലവിലുള്ള സംരംഭകർ മടിച്ചു നിൽക്കുകയാണ്. കൊവിഡിന് ശേഷം തുറക്കാത്ത ഹോട്ടലുകൾ ഇനിയുമേറെയുണ്ട്. ഇവ തുറക്കാൻ വലിയൊരു തുക മുടക്കേണ്ടി വരും.

തിയേറ്ററിൽ വൈഡ് റിലീസ് ഒഴിവാക്കും

പൂർണതോതിലേയ്ക്ക് പ്രവർത്തനം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് തിയേറ്റർ ഉടമകൾ. നിയന്ത്രണങ്ങൾ ഒഴിവാക്കിയത്, ജനങ്ങൾക്ക് തിയറ്ററുകളിൽ എത്താനുള്ള ഭയം മാറാൻ സഹായിക്കുമെന്നും അവർ കുടുംബമായി സിനിമ കാണാനെത്തുമെന്നും ഉടമകൾ പറയുന്നു.

മുഴുവൻ സീറ്റുകളിലും കാണികളെ ഇരുത്താവുന്ന സാഹചര്യത്തിൽ വൈഡ് റിലീസ് സമ്പ്രദായം ഇല്ലാതാക്കുന്നതിനെക്കുറിച്ചും തിയറ്റർ ഉടമകൾ ആലോചിക്കുന്നുണ്ട്. നഗരപ്രദേശങ്ങളൊഴിച്ച്, ഒരു പ്രദേശത്തെ ഒരു തിയറ്ററിൽ റിലീസ് എന്ന തരത്തിലേക്ക് മാറാനാണ് ആലോചിക്കുന്നത്.

 ഉണർന്ന് വിനോദ സഞ്ചാരമേഖല

വാഗമണ്ണിൽ കാരവൻ ടൂറിസം കൂടി ആരംഭിച്ചതോടെ ടൂറിസം പാക്കേജുകൾക്കും നല്ലകാലമാണ്. മൂന്നാം തരംഗം അധികം ഏശാതെ പോയത് കുമരകം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉണർവിലാക്കി. വിദേശികൾ എത്തിയിലെങ്കിലും ആഭ്യന്തര ഉത്തരേന്ത്യൻ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങുന്നത് ഗുണകരമാണ്. ഇനിയുള്ള മദ്ധ്യവേനൽ അവധിക്കാലം ആഭ്യന്തര ടൂറിസ്റ്റുകളാൽ സമ്പന്നമാകും. വടക്കൻ കേരളത്തിൽ നിന്നാണ് ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നത്.