പാലാ: മീനച്ചിൽ താലൂക്കിലെ പ്രമുഖ മഹാദേവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരെത്തി. വിശേഷാൽ പൂജകൾ, എഴുന്നള്ളത്ത്, ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, ശിവരാത്രി പൂജ എന്നിവ ശിവരാത്രിയാഘോഷ ഭാഗമായി നടന്നു.
പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ ഇന്നലെ മഹാശിവരാത്രിയും ഒപ്പം പള്ളിവേട്ട എഴുന്നള്ളത്തും നടന്നു. രാവിലെ മുതൽ ഇവിടേയ്ക്ക് ഭക്തരുടെ തിരക്കായിരുന്നു. ഇന്ന് ആറാട്ടുത്സവം നടക്കും. രാവിലെ 9 ന് ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് 5 ന് കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, ആറാട്ടുപുറപ്പാട് മേളം എന്നിവ നടക്കും. 7ന് ഡോ. ശ്രീവത്സൻ ജെ. മേനോന്റെ സംഗീതസദസ്, രാത്രി 10 ആറാട്ട് എതിരേൽപ്, ദീപക്കാഴ്ച, കൊടിമരച്ചുവട്ടിൽ പറ, ആറാട്ടുവിളക്ക്, വലിയകാണിക്ക എന്നിവ നടക്കും.
അന്തീനാട് മഹാദേവക്ഷേത്രത്തിൽ ശ്രീബലി എഴുന്നള്ളിപ്പ്, കാവടി ഘോഷയാത്ര, കാവടി അഭിഷേകം, രാത്രി ഡാൻസ്, ഫ്‌ളൂട്ട് ഫ്യൂഷൻ, 12ന് ശിവരാത്രിപൂജ, തുടർന്ന് പള്ളിവേട്ട, വലിയകാണിക്ക എന്നിവ നടന്നു. നിരവധി ഭക്തർ പങ്കെടുത്തു. ഇന്ന് രാവിലെ ഒമ്പത് ആറാട്ട്, ആറാട്ട് എതിരേൽപ്. കൊടിയിറക്ക്, കലശം എന്നിവയുണ്ട്.
വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തിൽ ശ്രീബലി എഴുന്നളളിപ്പ്, കലശപൂജ, തേവർപാടത്ത് നിന്ന് കാവടി ഘോഷയാത്ര, വൈകിട്ട് കാഴ്ചശ്രീബലി രാത്രി ശിവരാത്രിപൂജ, എന്നിവ നടന്നു.
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലും ശിവരാത്രി ആഘോഷിച്ചു. ചുറ്റുവിളക്ക്, ഭജന, സംഗീത സദസ്, ശിവരാത്രിപൂജ, ഗാനമേള എന്നിവ നടന്നു.
കിടങ്ങൂർ ശിവപുരം ശ്രീമഹാദേവക്ഷേത്രത്തിൽ ഗണപതിഹോമം, 108 കുടം ധാരാഭിഷേകം, മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ നടന്നു.
ഏഴാച്ചേരി കാവിൻപുറം ഉമാമേഹശ്വര ക്ഷേത്രം, വെളളിലാപ്പള്ളി ശക്തീശ്വരം ശ്രീമഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിശേഷൽപൂജകളോടെ ശിവരാത്രി ആഘോഷിച്ചു.