
കോട്ടയം: കൊവിഡിനെ തുടർന്ന് വിലത്തകർച്ച നേരിട്ട പൈനാപ്പിൾ (കൈതച്ചക്ക) കൃഷി കരകയറി വരുന്നതിനിടെ ഇരുട്ടടിയായി കടുത്തവേനൽ. ഇടയ്ക് മഴ ലഭിക്കാതെ വന്നതും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. മുൻവർഷങ്ങളേക്കാൾ കടുത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ചൂട് കൂടിയതോടെ, കൈത ചെടികൾ വേഗത്തിൽ ഉണങ്ങാൻ തുടങ്ങി. മുൻ വർഷങ്ങളിൽ ചൂടുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. ചൂട് കൂടിയതോടെ ചെടികൾ വാടി ഫംഗസ് രോഗം വന്ന തോട്ടത്തിലെ കൈതയ്ക്ക് സമാനമായി. വിളവെടുപ്പിന്റെ സമയമാണിത്. പല കർഷകരുടെയും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്.
പൈനാപ്പിൾ കൃഷിയ്ക്ക് ഉപയോഗിക്കുന്ന വളത്തിന് വില കൂടിയതും കർഷകരെ പ്രതിസന്ധിയിലാക്കി. വളം ലഭിക്കുന്നതിനും ക്ഷാമം നേരിടുന്നുണ്ട്. ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും. പൊട്ടാഷിന് 500 രൂപയിലധികമായി വർദ്ധിച്ചു. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്നീഷ്യം എന്നിവയാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്ന വളങ്ങൾ.
നിലവിൽ പൈനാപ്പിളിന് 35 മുതൽ 40 വരെ വിലയുണ്ട്. എ ക്വാളിറ്റിയിലുള്ള ചക്കയ്ക്കാണ് 40 രൂപ ലഭിക്കുന്നത്. 800 ഗ്രാമിന് താഴോട്ടും വലിപ്പം കുറഞ്ഞതിനും നാലിലൊന്ന് വിലയെ ലഭിക്കൂ. ചൂട് കൂടിയതിനാൽ, നെറ്റ്, ഓല, ചപ്പ് എന്നിവ ഇട്ട് മൂടി വെള്ളം ഒഴിച്ച് പരിപാലിച്ചാൽ മാത്രമേ നല്ല ചക്ക ലഭിക്കൂ. ഏക്കർ കണക്കിന് കൈത കൃഷി ചെയ്തിരുന്ന പലരും കൃഷിയിൽ നിന്നും പിൻവാങ്ങിയതായി കർഷകർ പറയുന്നു.
' വെള്ളം ലഭിക്കാത്തതിനാൽ, കായ്‌കൾക്ക് വളർച്ചയില്ല. ചൂട് കൂടിയതിനാൽ, ജലാംശം കുറഞ്ഞതും വിളവ് കുറയുന്നതിന് ഇടയാക്കി. മുംബയ്, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്. ഓർഡർ ലഭിക്കുന്നുണ്ടെങ്കിലും വിളവ് കുറവാണ്.
- സജിമോൻ, പൈനാപ്പിൾ കർഷകൻ