കോട്ടയം: സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ ആവശ്യം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അംഗീകരിച്ചതോടെ കുമരകംകാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാവുന്നു. കുമരകത്ത് 33 കെ. വി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിനായുള്ള സ്ഥലം പരിശോധിക്കാൻ അടുത്തആഴ്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തും. കുമരകത്തിന്റെ വൈദ്യുതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സബസ്റ്റേഷൻ നിർമ്മിക്കണം എന്ന ആവശ്യം വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് മുന്നിൽ മന്ത്രി വി.എൻ വാസവനാണ് ഉന്നയിച്ചത്. സഹകരണ മന്ത്രി ഉന്നയിച്ച ആവശ്യം ബോർഡ് അധികൃതരെ അറിയിച്ചു. സ്ഥലം പരിശോധിച്ച് നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും വി.എൻ.വാസവനെ വൈദ്യുതി മന്ത്രി അറിയിച്ചു.