കോട്ടയം: കൊവിഡ് മങ്ങലേൽപ്പിച്ച രണ്ട് വർഷത്തിന് ശേഷം നടന്ന ശിവരാത്രി മഹോത്സവം ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായി. നിയന്ത്രണങ്ങളിൽ ഇളവ് വരികയും ക്ഷേത്രോത്സവങ്ങൾ അടക്കമുള്ളവയ്ക്ക് അനുമതി ലഭിച്ചതോടെ പ്രത്യേകപൂജകളും പരിപാടികളും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ശിവരാത്രിയോടനുനുബന്ധിച്ച് നടന്നു. തിരുനക്കര മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, വാഴപ്പള്ളി മഹദേവക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ജലധാര,ശിവരാത്രി പ്രാതൽ, ശിവരാത്രി വിളക്ക് എഴുന്നള്ളത്ത്, കോട്ടയം ബ്രാഹ്മണ സമൂഹമഠത്തിന്റെ നേതൃത്വത്തിൽ രുദ്രജപം എന്നിവ നടന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം,ശിവപുരാണ പാരായണം, അഖണ്ഡനാമജപ പ്രദക്ഷിണം, മഹാശയന പ്രദക്ഷിണം, ശിവരാത്രിപൂജ, വിളക്ക്, കേരള മൺപാത്ര നിർമാണ സമുദായ സഭയുടെ നേതൃത്വത്തിൽ ഇളനീർ സമർപ്പണവും നടന്നു. ആർപ്പൂക്കര കുന്നതൃക്ക ശ്രീമഹാദേവ ക്ഷേത്രത്തിൽ മഹാഗണപതിഹോമം, മൃത്യുജ്ഞയ ഹോമം, മയൂരനൃത്തം, ഋഷഭവാഹന എഴുന്നള്ളത്ത്, ഭക്തിഗാന നാമാർച്ചന, ശിവരാത്രി പൂജ എന്നിവയും വൈക്കം മഹാദേവ ക്ഷേത്രത്തിൽ ബിംബ ശുദ്ധി, പ്രാതൽ,കാവടി അഭിഷേകം, എഴുന്നള്ളത്ത് എന്നിവ നടന്നു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ തരണി ഡി.നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവെങ്കിടപുരം ക്ഷേത്രത്തിൽ നിന്നും പഞ്ചാക്ഷരീ മന്ത്ര നാമജപ പ്രദിക്ഷണം നടന്നു. തന്ത്രി തെക്കേടത്ത് രഞ്ജിത്ത് നാരായണൻ ഭട്ടതിരി മുഖ്യകാർമ്മികത്വം വഹിച്ചു.