മുണ്ടക്കയം: പീരുമേടിന്റെ കവാടമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വർഷം മുഴുവൻ നിലനിർത്താൻ പദ്ധതിയൊരുങ്ങുന്നു. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നൽകുന്നത്. സഞ്ചാരികളെ ആകർഷിക്കാനും വ്യാപാരികൾക്ക് സ്ഥിരം വരുമാനം ലഭിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. പാലത്തിന് താഴ്‌വശത്ത് വർഷക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിക്കും. വെള്ളം വേനൽക്കാലത്ത് മലമുകളിൽ എത്തിച്ചശേഷം ഒഴുക്കിവിട്ട് വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികൾക്കാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നത് പതിവാണ്. എന്നാൽ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം യാത്രക്കാരെയും വിനോദസഞ്ചാരികളെയും ദുരിതത്തിലാക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടുവന്നത്.
കടമുറികൾ നിർമ്മിക്കും
വനംവകുപ്പുമായി ചർച്ചചെയ്ത് ഭൂമി നേടിയെടുത്തശേഷം സ്ഥിരമായി വ്യാപാരം ചെയ്യാൻ ഷട്ടറിട്ട കടമുറികൾ നിർമ്മിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമൊരുക്കും. ശൗചാലയ സൗകര്യവും ഉറപ്പാക്കും.