വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്രിമാരായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും സുനേശൻ നമ്പൂതിരിയും ചേർന്ന് കൊടിയേറ്റി. മേൽശാന്തി പ്രവീൺ പോറ്റി സഹകാർമ്മികനായി. രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് ശേഷം കൊടിക്കൂറ ശ്രീകോവിലിൽ വച്ച് പൂജിച്ചു. കൊടിയേറ്റാനുള്ള കൊടിക്കയർ, കൊടിക്കൂറ എന്നിവ ഭക്തർ വഴിപാടായി സമർപ്പിച്ചു. കൊടിയേറ്റിന് ശേഷം ആദ്യ ശ്രീബലി നടന്നു. തുടർന്ന് ബിംബപൂജ, കലശാഭിഷേകം, നിറമാല, വൈകിട്ട് ചുറ്റുവിളക്ക്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു. ഏഴിന് ഉത്സവ ആഘോഷം സമാപിക്കും. വൈകിട്ട് കാളീശ്വരം ക്ഷേത്രകടവിൽ ആറാട്ട്പൂജ നടക്കും. തുടർന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ആറാട്ടെഴുന്നള്ളിപ്പിന് ഉല്ലല 1996ാം നമ്പർ എൻ.എസ്.എസ് വനിതാ സമാജത്തിന്റെ താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വരവേൽപ്പ് നൽകും. പുതിയകാവ് ദേവീ ക്ഷേത്രത്തിന്റെ തെക്ക് വശത്ത് എഴുന്നള്ളത്ത് എത്തുമ്പോൾ പഞ്ചാരിമേളം, ചുറ്റുവിളക്ക്, നിറപറ എന്നിവയോടെ വരവേൽപ്പ് നൽകും. തുടർന്ന് എതിരേൽപ്പ്, വലിയകാണിക്ക, കലശാഭിഷേകം, പ്രസന്നപൂജ, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിക്കും. ദേവസ്വം പ്രസിഡന്റ് രാമേന്ദ്രൻ പിള്ള, മാനേജർ അഡ്വ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ശബരിമല മുൻ മേൽശാന്തി പി.ജെ. നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.