പാലാ: ടൗൺ ബസ് സ്റ്റാൻഡിൽ സ്ത്രീകളും വിദ്യാർത്ഥിനികളും ഉൾപ്പെടെയുള്ള ആളുകൾ ബസ് കാത്തുനിൽക്കുന്നിടത്തേക്ക് അനധികൃതമായി ഇറക്കിവച്ച കടകൾ ഉടൻ ഒഴിപ്പിക്കാൻ ഇന്നലെ ചേർന്ന പാലാ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. കേരളകൗമുദി വാർത്തചൂണ്ടിക്കാട്ടി ഭരണപക്ഷഅംഗം അഡ്വ. ബിനു പുളിക്കക്കണ്ടമാണ് വിഷയം നഗരസഭ കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തിയത്. താൻ സ്ഥലം പരിശോധിച്ചുവെന്നും കൈയേറ്റം ബോധ്യപ്പെട്ടുവെന്നും അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. വിഷയത്തിൽ നഗരസഭ ആരോഗ്യവിഭാഗത്തോട് വിശദീകരണം തേടിയിരുന്നതായി ചെയർമാൻ ആന്റോ ജോസ് പറഞ്ഞു. കൈയേറ്റം നീക്കം ചെയ്യാൻ നിർദ്ദേശം നൽകുമെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു. പാലാ നഗരത്തിലെ അനധികൃത കച്ചവടങ്ങളെപ്പറ്റി പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനിയും വി.സി. പ്രിൻസും പരാതികൾ ഉന്നയിച്ചു.
പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കും
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഭരണപക്ഷാംഗങ്ങളായ ലീന സണ്ണി, സാവിയോ കാവുകാട്ട് എന്നിവരുടെ നിർദ്ദേശവും കൗൺസിൽ അംഗീകരിച്ചു. ചർച്ചകളിൽ പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ. ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, വി.സി. പ്രിൻസ്, തോമസ് പീറ്റർ, സിജി ടോണി, ലീന സണ്ണി, മായ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.