മിനി എം.സി.എഫ് നോക്കുകുത്തി

അമയന്നൂർ: അമയന്നൂർ പവർലൂം കമ്പനിയുടെ പ്രവേശന കവാടത്തിന് സമീപം മാലിന്യം കുന്നുകൂടുന്നു. മിനി എം.സി.എഫിന് സമീപത്തായാണ് മാലിന്യമല. അയർക്കുന്നം പഞ്ചായത്തിലെ 12-ാം വാർഡിലാണ് നാളുകളായി എം.സി.എഫും നിറഞ്ഞും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കുന്നുകൂടിക്കിടക്കുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ താത്ക്കാലികമായി സൂക്ഷിക്കുന്നതിനായി മാത്രം സജ്ജീകരിച്ചിട്ടുള്ളതാണ് മിനി എം.സി.എഫ്. ഇതിന് സമീപത്തായി മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പും അവഗണിച്ചാണ് മാലിന്യ നിക്ഷേപം തുടരുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായാണ് മാലിന്യം തള്ളിയിരിക്കുന്നത്. തെരുവ്‌നായ്ക്കൾ ഉൾപ്പെടെ മാലിന്യം കടിച്ചുവലിക്കുന്നതും പതിവ് കാഴ്ചയാണ്. ഇത് വഴിയാത്രക്കാർക്ക് ഉൾപ്പെടെ ദുരിതമായി മാറുകയാണ്.

പോകാം മാലിന്യത്തിൽ ചവിട്ടി

പവർലൂം കമ്പനിയിലേക്ക് തൊഴിലാളികൾ എത്തുന്നതും മാലിന്യങ്ങൾക്ക് സമീപത്തുകൂടെയാണ്. വീതി കുറഞ്ഞ റോഡിൽ നടപ്പാതയില്ലാത്തതും കാൽനടയാത്രികരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. സമീപത്ത് നിരവധി വീടുകളുമുണ്ട്. മാലിന്യം അഴുകിത്തുടങ്ങിയോടെ പ്രദേശത്തമാകെ കടുത്ത ദുർഗന്ധമാണ്.