വളർത്തുനായയെ കടിച്ചുകീറി കൊന്നു
മുണ്ടക്കയം: ടി.ആർ. ആൻ ടി എസ്റ്റേറ്റിനു പിന്നാലെ കോരുത്തോട് വനാതിർത്തി പ്രദേശങ്ങളും പുലിപ്പേടിയിൽ. കുറ്റിക്കയം മൂലേച്ചാലിൽ മാത്യുവിന്റെ വളർത്തുനായയെ കടിച്ചുകീറി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്.
ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന ടി.ആർ ആൻഡ്.ടി എസ്റ്റേറ്റിൽ ജനുവരി മുതൽ മൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. ചെന്നാപ്പാറ, ഇ.ഡി.കെ, കുപ്പക്കയം തുടങ്ങിയ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി തൊഴിലാളികൾ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ ഇ.ഡി.കെ ഡിവിഷനിൽ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചു കീറി കൊന്നതോടെ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. അതിനു ശേഷം ചെന്നാപ്പാറിയിലും പശുവിനെ ചത്ത നിലയിൽ കണ്ടെത്തി.
ഈ പ്രദേശങ്ങളുടെ സമീപം തന്നെയാണ് കോരുത്തോട് പഞ്ചായത്തിന്റെ വനാതിർത്തി ഗ്രാമങ്ങൾ.റോഡ് മാർഗം വളരെ ദൂരമുള്ള പ്രദേശമാണെങ്കിലും കാട്ടിലൂടെ ഇവിടേക്ക് എത്താൻ ദൂരം കുറവായതിനാൽ എല്ലാ സ്ഥലങ്ങളിലെയും ആക്രമണത്തിന് പിന്നിൽ പുലി തന്നെയാകും എന്നാണ് നാട്ടുകാരുടെ നിഗമനം. എന്നാൽ വനം വകുപ്പ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
നായ്ക്കൾ എവിടെ?
കൊമ്പുകുത്തിയിൽ നിന്നും സമീപകാലത്ത് 30 ഓളം നായ്ക്കളെ കാണാതായിട്ടുണ്ട്.നായ്ക്കളെ പുലി പിടിച്ചതാകാം എന്നാൽ നാട്ടുകാരുടെ സംശയം.