കോട്ടയം : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണ് പക്ഷെ ആർക്കെന്ത് പ്രയോജനം. കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നടപ്പാതയിലൂടെ സൂക്ഷിച്ച് നടന്നില്ലെങ്കിൽ അപകടം ഉറപ്പ്. കോട്ടയം നഗരമദ്ധ്യത്തിലെ ഭൂരിഭാഗം നടപ്പാതകളും തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ടൈലുകൾ പാകി മനോഹരമാക്കിയവയായിരുന്നു ഭൂരിഭാഗവും. ഇളകി കിടക്കുന്ന നടപ്പാതയിലെ ടൈലുകളിൽ കാൽതെന്നി യാത്രികർ വീഴുന്നതും പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. വ്യാപാരവും നടപ്പാതയിലെ തിരക്കും മൂലം യാത്രികർ വാഹനങ്ങൾ പായുന്ന റോഡിലേയ്ക്ക് ഇറങ്ങി നടക്കുന്നത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും. ചില സ്ഥലങ്ങളിൽ നടപ്പാത കാണാനും ഇല്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കൽ മൂലം പല നടപ്പാതകളും പൊളിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്.

തകർന്ന് കിടക്കുന്നത് ഇവിടെ

ബേക്കർ ജംഗ്ഷൻ

ട്രാൻ സ്റ്റാൻഡ്

ടി.ബി റോഡ്

എം.സി റോഡ്

 കെ.കെ റോഡ്

സി.എം.എസ് കോളേജ് റോഡ്

നാഗഗമ്പടം റോഡ്

വിദ്യാർത്ഥികളേ സൂക്ഷിക്കണം
സ്‌കൂളുകളും കോളേജുകളും തുറന്നതോടെ, നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ നടപ്പാതയിൽ നിന്ന് തിരക്കേറിയ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച നടപ്പാതകളും ടൈലുകളും യഥാസമയം നീക്കം ചെയ്ത് അറ്റകുറ്റപ്പണി നടത്താതാണ് തകർച്ചയ്ക്ക് കാരണം. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും, വ്യാപാരസ്ഥാപനങ്ങളിലെ അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കുന്നതിനുമാണ് നടപ്പാതകൾ ഉപയോഗിക്കുന്നത്. വഴിയോരക്കച്ചവടവും തട്ടുകടയും നടത്തുന്നതും ഇവിടെയാണ്.