വൈക്കം: സഹകരണ ബാങ്കുകളിലെ ക്ലറിക്കൽ തസ്തികളിലേക്ക് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകളിൽ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ അടിസ്ഥാനമാക്കി നിയമന നടപടികൾ സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി ) വൈക്കം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കുകളുടെ നിലവാരം അടിസ്ഥാനപ്പെടുത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പൊൾ താഴ്ന്ന നിലവാരമുള്ള ബാങ്കുകളിൽ ഉദ്യോഗാർത്ഥികൾ ജോലിയ്ക്ക് ചേരാതിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ ബാങ്കുകളിൽ ഒഴിവുകൾ നികത്തപ്പെടാതിരിക്കുകയും അത് ബാങ്കുകളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിന് ബാങ്കുകളുടെ നിലവാരം അനുസരിച്ച് നിയമന നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഡി.ജയൻ നഗറിൽ ചേർന്ന സമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എൻ.രേണുക അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജി.ജയൻ, സി.പി. ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ്, കെ.സി.ഇ.സി ജില്ലാ സെക്രട്ടറി ആർ.ബിജു, കെ.വേണുഗോപാൽ, പി.എസ്.പുഷ്‌കരൻ, കെ.പ്രിയമ്മ, സി.വി.വിനോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വാസന പ്രസന്നൻ (പ്രസിഡന്റ്), മനു സിദ്ധാർത്ഥൻ (സെക്രട്ടറി), ജെ.നാരായണൻ, അനീഷ് (വൈസ് പ്രസിഡന്റുമാർ) എൻ.എസ്.സുധീർ, എം.കെ.രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറിമാർ) കെ.എൻ.രേണുക (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.