മരങ്ങാട്ടുപള്ളി: വയോജന സൗഹൃദ പ്രഖ്യാപനവുമായി മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത്. വാർദ്ധക്യകാലത്ത് നേരിടുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നതിനും കൈത്താങ്ങാകുന്നതിനും പദ്ധതികൾ കൈക്കൊള്ളുന്നതിനായി സ്വച്ഛസായന്തനം എന്ന പേരിലാണ് വയോജന സൗഹൃദ സമീപനം പരിപാടി നടപ്പിലാക്കുന്നത്. എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃകാ അങ്കണവാടിയോട് ചേർന്ന് പ്രവർത്തിക്കുന്ന പകൽവീട് മുതിർന്നവർക്ക് ഒത്തുചേരുന്നതിനുള്ള കേന്ദ്രമായി മാറ്റി. ഇവിടെ വായനയ്ക്കും മാനസിക ഉല്ലാസത്തിനും വേണ്ടി റ്റി.വി., പുസ്തകങ്ങൾ, ക്യാരംസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്ത് ക്രമീകരിച്ചിട്ടുണ്ട്. പകൽവീട്ടിൽ പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഴവൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കീൽ ആയൂർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും വയോജന സൗഹൃദ പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ സ്വാഗതം ആശംസിച്ചു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ഉഷാ രാജു, ജോസഫ് ജോസഫ്, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്‌കുമാർ എം.എൻ., സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ലിസ്സി ജോയി, സാബു അഹസ്റ്റിൻ, നേതാക്കളായ എ.എസ്. ചന്ദ്രമോഹനൻ, അനന്തകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗവ.ആയൂർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സുജ ക്യാമ്പിന് നേതൃത്വം നൽകി.