കുറുമണ്ണ് : കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽ പുതിയ ചെക്ക്ഡാം നിർമ്മിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം നിർമ്മിക്കുന്നത്. എലിവാലി, കുറുമണ്ണ് വാർഡുകളിലെ ആളുകൾക്ക് ചെക്ക് ഡാമിന്റെ പ്രയോജനം ലഭിക്കും. തോടിന്റെ ഇരു കരകളിലുമുള്ള നാല്പതോളം കിണറുകളിൽ വേനൽക്കാലത്ത് ജലനിരപ്പ് ഉയരുന്നതിന് ചെക്ക്ഡാം കാരണമാകും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, പഞ്ചായത്ത് മെമ്പർമാരായ ജയ്‌സൺ പുത്തൻകണ്ടം, വി.ജി.സോമൻ, ബിന്ദു ജേക്കബ്, ജോയ് വടശ്ശേരി, പൗളിൻ ടോമി, രാജേഷ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് അവസാനത്തോടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.