പാലാ: കിടങ്ങൂർ പഞ്ചായത്തിൽ വാതകം ഉപയോഗിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് പൊതുശ്മശാനം സജ്ജമാക്കി. 57 ലക്ഷം മുടക്കി
മണ്ണിയേക്കുന്ന് ഭാഗത്താണ് കെട്ടിട നിർമ്മാണം ഉൾപ്പടെയുള്ളവ പൂർത്തിയാക്കിയത്. പഞ്ചായത്തിന് സ്വന്തമായുണ്ടായിരുന്ന 40 സെന്റ്
സ്ഥലത്താണ് ചുറ്റു മതി്ൽ തീർത്ത് ശ്മശാനം നിർമ്മിച്ചത്. ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകൾ ഇരുപതു ലക്ഷം രൂപ വീതം
ഫണ്ട് അനുവദിച്ചിരുന്നു. 2018ലാണ് നിർമ്മാണം തുടങ്ങിയത്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ മൃതദേഹങ്ങൾ ദഹിപ്പിക്കാം. കല്ലറകളും
ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കിടങ്ങൂർ പഞ്ചായത്തിലുള്ളവർക്ക് 5000 രൂപയും മറ്റുള്ളവർക്ക് 6000 രൂപയുമാണ് ഫീസ് നിരക്ക്. കൊവിഡ് മൂലം
മുടങ്ങിയ നിർമ്മാണം പ്രവർത്തനങ്ങൾ സമീപകാലത്താണ് ഊർജ്ജിതമാക്കിയത്.വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ്
മൂന്നിന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. തോമസ് ചാഴികാടൻ
എം.പി. മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ബോബി മാത്യു, വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്തംഗങ്ങളായ ദീപലത,പി.ടി.
സനിൽകുമാർ, തോമസ് മാളിയേക്കൽ, ലൈസമ്മ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.