prethikal

പാലാ : പാലാ - തൊടുപൂഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപം ഗർഭണിയെയും,ഭർത്താവിനെയും മർദ്ദിച്ച സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമയടക്കം മൂന്നുപേർ പിടിയിൽ. ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്.ശങ്കർ (39), തൊഴിലാളികളായ അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38) മേവട വെളിയത്ത് സുരേഷ് (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ ദമ്പതികൾ ഞൊണ്ടിമാക്കൽ കവലയിലുള്ള വാടക വീട്ടിലേക്ക് പോകുംവഴിയായിരുന്നു സംഭവം. ശങ്കർ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു. സംഘർഷത്തിനിടെ ശങ്കർ വയറ്റിൽ ചവിട്ടിയെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടൻ ഭർത്താവ് പാലാ പൊലീസിലേക്ക് വിളിച്ചെങ്കിലും യഥാസമയം സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികളെ പാലാ കോടതിയിൽ ഹാജരാക്കി. സി.ഐ കെ.പി.ടോംസൺ, എസ്.ഐ എം.ഡി.അഭിലാഷ്, എ.എസ്.ഐ.മാരായ കെ.പി.ഷാജി, ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ജസ്റ്റിൻ ജോസഫ്, സി. രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.