
മുണ്ടക്കയം : പ്രളയത്തിൽ പുറമ്പോക്കിൽ ഇരുന്ന വീടാണ് നഷ്ടപ്പെട്ടതെങ്കിൽപ്പോലും അർഹരായവർക്ക് ആനുകൂല്യം ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്ന് പൂർത്തിയാക്കിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. ഇടുക്കി ജില്ലയിലെ പെരുവന്താനം കൊക്കയാർ പഞ്ചായത്തുകളിൽ പ്രളയത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്കുഉള്ള ധനസഹായ വിതരണം ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും ആധാര രേഖകളുടെ സൗജന്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുരിതാശ്വാസ പട്ടികയിൽ അനർഹരായ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി ജേക്കബ്, മുൻ എം.എൽ.എ ഇ.എസ്.ബിജി മോൾ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജനി ജയകുമാർ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ ദാനിയേൽ, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ ഷാജി ആന്റണി, ജോസ് മാത്യു, കോൺഗ്രസ് കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി എന്നിവർ പ്രസംഗിച്ചു.