പാലാ: സംഗതി ക്ലീൻ...! പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി റോഡിനടുത്തേയ്ക്ക് ഇറക്കി വച്ചിരുന്ന കടകളെല്ലാം ഇന്നലെ ഉള്ളിലേക്ക് വലിച്ചു. ഇപ്പോൾ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ഇഷ്ടംപോലെ സ്ഥലമായി.
ടൗൺ ബസ് സ്റ്റാൻഡിൽ പൊൻകുന്നം ഭാഗത്തേയ്ക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് ചില കടക്കാർ അവരുടെ കൗണ്ടർ മുന്നിലേക്ക് ഇറക്കി നിർമ്മിച്ചത് പ്രശ്‌നമായിരുന്നു. ഇതുമൂലം സ്ത്രീകളും വിദ്യാർത്ഥിനികളുമുൾപ്പെടെയുള്ള യാത്രക്കാർ റോഡിലിറങ്ങിയാണ് ബസ് കാത്തുനിന്നിരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ''യാത്രക്കാർക്ക് ദുരിതം, കണ്ണടച്ച് അധികൃതർ'' എന്ന തലക്കെട്ടിൽ 'കേരളകൗമുദി ' കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് നടന്ന പാലാ നഗരസഭാ യോഗത്തിൽ ഭരണപക്ഷാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടി ഇക്കാര്യം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അനധികൃത നിർമ്മാണങ്ങൾ പൊളിപ്പിച്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് വിഷയത്തിൽ അടിയന്തിരനടപടി സ്വീകരിക്കാൻ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര നിർദേശം നൽകുകയായിരുന്നു.
താക്കീത് ചെയ്തു
ഇന്നലെ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ സ്റ്റാൻഡിലെത്തി വ്യാപാരികളെ താക്കീത് ചെയ്യുകയും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചനീക്കി കടകൾ ഷട്ടറിനുള്ളിൽ മാത്രം പ്രവർത്തിപ്പിക്കണമെന്നും കർശന നിർദ്ദേശം നൽകുകയുമായിരുന്നു. ഇതേ തുടർന്ന് പ്രത്യേകമായി തയാറാക്കിയ കൗണ്ടറുകൾ ഉൾപ്പടെയുള്ളവ വ്യാപാരികൾ പൊളിച്ചുനീക്കി.
ഫോട്ടോ അടിക്കുറിപ്പ്
1. കേരളകൗമുദിയിൽ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്ത. കടകളുടെ മുമ്പിലേക്ക് ഇറക്കിയിരിക്കുന്ന കൗണ്ടറും കാണാം.
2. ഇന്നലെ ഈ കൗണ്ടറുകൾ നീക്കിയപ്പോൾ.