പാലാ: 'എന്തിയേടാ നിങ്ങളുടെ മാസ്‌ക്...? ''ഇത് ചോദിച്ച സാറിനുണ്ടോ മാസ്‌ക്...?'' ചോദ്യം പാലാ പൊലീസിന്റേത്. മറുചോദ്യം ഗർഭിണിയേയും ഭർത്താവിനെയും കൈയേറ്റം ചെയ്ത പ്രതികളുടെയും. വർക്‌ഷോപ്പ് ഉടമയും തൊഴിലാളികളും ഗർഭിണിയായ യുവതിയേയും ഭർത്താവിനെയും കൈയേറ്റം ചെയ്തതറിഞ്ഞ് വൈകിയാണെങ്കിലും പാലാ പൊലീസ് സ്ഥലത്തെത്തിയപ്പോഴായിരുന്നു ഈ ചോദ്യവും മറുചോദ്യവും. അപ്പോൾ അവിടെ കേസിലെ പ്രതികളായ ജോൺസൺ, സുരേഷ് തുടങ്ങിയവരുണ്ടായിരുന്നു. പൊലീസ് എത്തും മുമ്പേ ഒന്നാംപ്രതി ശങ്കർ കടന്നുകളഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന പ്രതികളായ ജോൺസണും സുരേഷും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. ഇത് കണ്ട് ചോദ്യം ചെയ്ത പൊലീസിനും പക്ഷേ മാസ്‌ക് ഉണ്ടായിരുന്നില്ല. പ്രതികളുടെ മറുചോദ്യം കേട്ട് ചൂളിപ്പോയ പൊലീസ് പരിക്കേറ്റ ഗർഭിണിയേയും ഭർത്താവിനെയും ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. പക്ഷേ അപ്പോഴും അവർ അവിടെയുണ്ടായിരുന്ന പ്രതികളെ പിടികൂടാൻ തയാറായില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന സി.പി.എം നേതാക്കൾപോലും കുറ്റപ്പെടുത്തുന്നു. സംഭവ സ്ഥലത്തുനിന്നും ഒന്നര മണിക്കൂർ കഴിഞ്ഞാണ് രണ്ടും മൂന്നും പ്രതികൾ സ്ഥലംവിട്ടത്. ഇതിനിടയിൽ പരിക്കുപറ്റിയ യുവതിയോട് ഒരു തവണത്തേക്ക് ക്ഷമിക്കാനും പ്രതികളിലൊരാൾ പറയുന്നുണ്ടായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും മദ്യപാനികളുടെ മറ്റ് സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടം പതിവാണെങ്കിലും പൊലീസ് തിരിഞ്ഞുനോക്കുന്നില്ല എന്നാണാക്ഷേപം. പാലാ സ്റ്റേഷന്റെ ചുമതലയുള്ള ചില ഉദ്യോഗസ്ഥർ പലപ്പോഴും ഫോൺ എടുക്കാറില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.