പാലാ: ''വിജിലൻസുകാരനെ'' കുടുക്കി വിജിലൻസ് ഇന്റലിജൻസ് വിഭാഗം! പിടിയിലായത് എരമേലി കൂവപ്പള്ളിയിലെ കോഴിക്കടക്കാരൻ. എരമേലി താഴത്തിൽ വീട്ടിൽ ഷിനാസ് ഷാനവാസ് (26)നെയാണ് കോട്ടയം വിജിലൻസ് എസ്.പി. വി.ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇന്റലിജൻസ് സി.ഐ. സജു എസ് ദാസ്, എസ്.ഐ. സ്റ്റാൻലി തോമസ്, സൈബർ വിദഗ്ധൻ മനോജ് പി.എസ്. എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളെ പിന്നീട് പാലാ പൊലീസിന് കൈമാറി.

വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വില്ലേജ് ഓഫീസർമാരെയും മറ്റ് റവന്യു ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും നിങ്ങൾക്കെതിരെ പരാതിയുണ്ടെന്നും ഇത് ഒതുക്കിതീർക്കാൻ തുകവേണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ആലപ്പുഴയിലെ പട്ടണക്കാട് വില്ലേജ് ഓഫീസ്, ഇടുക്കിയിലെ മൂന്നാർ വില്ലേജ് ഓഫീസ്, കോട്ടയത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, മീനച്ചിൽ വില്ലേജ് ഓഫീസുകൾ, തൃശ്ശൂർ, കൊരട്ടി വില്ലേജ് ഓഫീസ്
എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. കളഞ്ഞുകിട്ടിയ ഒരു ഫോണിൽ നിന്നാണ് ഷിനാസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നത്. ഓൺലൈനിൽ നിന്നും നമ്പരെടുത്തായിരുന്നു വിളികൾ. ഓരോരുത്തരോടും ഇരുപതിനായിരം രൂപ മുതൽ അൻപതിനായിരം രൂപാ വരെയാണ് ചോദിച്ചിരുന്നത്. പണം ഇടാനായി കൊടുത്തിരുന്ന അക്കൗണ്ട് നമ്പർ കോഴിഫാമിലെ ആസാം സ്വദേശിയായ തൊഴിലാളി ഹൈക്കുൾ ഇസ്ലാമിന്റേതായിരുന്നു. ചങ്ങനാശേരി വില്ലേജ് ഓഫീസിൽ നിന്നും കോട്ടയം വിജിലൻസ് എസ്.പി. വി.ജി. വിനോദ്കുമാറിന് ഇത് സംബന്ധിച്ച് പരാതി കിട്ടി. തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിജിലൻസ് ഇന്റലിജൻസ് സി.ഐ. സജു എസ്. ദാസ്, എസ്.ഐ., സ്റ്റാൻലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാൾ ഉപയോഗിച്ചിരുന്ന ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്തി.
കൂലിപ്പണിക്കാരനായിരുന്ന ഇയാളുടെ ഫോൺ കഴിഞ്ഞ ഡിസംബർ 27ന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഫോൺ കോളുകളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിനാസ് പിടിയിലായത്.