വെച്ചൂർ : കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നടത്തിയ പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്. വെച്ചൂർ ചേരകുളങ്ങരക്കു സമീപം സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്ത് വിജയലക്ഷ്മി,സ്വരുമ കുടുംബശ്രീ പ്രവർത്തകർ സംയുക്തമായി വെണ്ട, പയർ, പടവലം, പീച്ചിൽ,ചീര തുടങ്ങി 13 ഇനങ്ങളാണ് കൃഷി ചെയ്തത്. ജൈവ കൃഷി പ്രചാരകനും ഗുരു കൃപ നഴ്‌സറി ഉടമയുമായ തലയാഴം കൂവം പുളിക്കാശേരി ചെല്ലപ്പനാണ് കുടുംബശ്രീ പ്രവർത്തകർക്ക് സൗജന്യമായി പച്ചക്കറി തൈകൾ നൽകിയത്. പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ഗീതാസോമൻ, സ്വപ്ന മനോജ്, ബിന്ദുരാജു, ആൻസി തങ്കച്ചൻ, ചെല്ലപ്പൻ പുളിക്കാശേരി തുടങ്ങിയവർ പങ്കെടുത്തു.