കൊടൂരാറ്റിൽ പോള,​ ബോട്ട് സർവീസ് പ്രതിസന്ധിയിലേക്ക്

കോട്ടയം: കൊടൂരാറ്റിലെ പോള നീക്കം ചെയ്യാനുള്ള നടപടികൾ നീളുന്ന സാഹചര്യത്തിൽ ബോട്ട് സർവീസ് പ്രതിസന്ധിയിലേക്ക്. മുൻപ് പോള നീക്കം ചെയ്തിരുന്നുവെങ്കിലും ഫെബ്രുവരി മാസത്തോടെ പോളശല്യം വർദ്ധിച്ചു. കോടിമത ജെട്ടിയിലും പള്ളം ബ്ലോക്കിലും ജലപാതയിൽ പോളയും പുല്ലും നിറഞ്ഞിരിക്കുകയാണ്. പോള തിങ്ങിനിറഞ്ഞതുമൂലം ബോട്ടുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പള്ളം കായൽ വഴി മൂന്ന് മണിക്കൂർ കൊണ്ട് ആലപ്പുഴ എത്തിയിരുന്ന ബോട്ട് ഇപ്പോൾ മൂന്നര മണിക്കൂറിലധികം സമയമെടുത്താണ് ആലപ്പുഴ എത്തുന്നത്. പ്രൊപ്പല്ലറിൽ പുല്ലും പോളയും കുരുങ്ങി ബോട്ട് നിന്നുപോകുന്നതും പതിവാണ്. ബോട്ട് നിർത്തി പ്രൊപ്പല്ലറിൽ കുടുങ്ങിയ പോളയും പുല്ലും നീക്കം ചെയ്തതിനുശേഷം മാത്രമേ വീണ്ടും സർവീസ് നടത്താൻ കഴിയൂ. യാത്രക്കാർക്കും പോള കൂടിയത് തിരിച്ചടിയായി. കൂടുതൽ നേരം സഞ്ചരിക്കേണ്ടി വരുന്നതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്.

സർവീസ് നിലച്ചു

കോടിമതയിൽ നിന്നും കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസ് നിലച്ച അവസ്ഥയിലാണ്. പാതയിലെ 5 ചെറിയ പൊക്കുപാലങ്ങളുടെ തകർച്ചയാണ് ഇതിനു കാരണം. അതിനാൽ, പള്ളം വഴിയാണ് നിലവിൽ കോടിമതയിൽ നിന്നും ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്നത്. രണ്ട് ബോട്ടാണ് നിലവിലുള്ളത്. സ്‌കൂൾ തുറന്നതിനാൽ, ഒരെണ്ണം കാഞ്ഞിരത്ത് നിന്നാണ് സർവീസ് നടത്തുന്നത്. കോടിമതയിൽ നിന്നും രാവിലെയും ഉച്ചയ്ക്കും മാത്രമേ സർവ്വീസുള്ളൂ. കോടിമത - കാഞ്ഞിരം ജലപാതയിലെ ജനങ്ങളാണ് ബോട്ടിനെ കൂടുതൽ ആശ്രയിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി എത്തിച്ച ശിക്കാര വള്ളവും സർവീസ് ആരംഭിച്ചിട്ടില്ല.പോളനിറഞ്ഞ് കിടക്കുന്നതുമൂലം ജെട്ടിയിൽ വലിയ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്.