പാലാ: അടുത്ത ഒരാണ്ടുള്ള നാടിന്റെ ഭാവി ഫലങ്ങൾ പറയുന്ന ഉച്ചകല്പന... കാർഷിക സമൃദ്ധിക്കും പ്രകൃതിയുടെ അനുഗ്രഹത്തിനും വേണ്ടി കാളപ്പതിയിലെ തേങ്ങാ ഉടയ്ക്കൽ വഴിപാട്... ഇതെല്ലാം ഇളപൊഴുതിൽ അമ്മയ്ക്ക് മുന്നിലെ അത്യപൂർവ അനുഷ്ഠാന മുഹൂർത്തങ്ങൾ.

ആണ്ടിൽ മാസപൂജകളെല്ലാം ബ്രാഹ്മണരുടെ കാർമ്മികത്വത്തിൽ.... പ്രധാന ഉത്സവനാളിലെ പൂജ ദളിത് വിഭാഗക്കാർക്ക്! പാലാ നെച്ചിപ്പുഴൂരിലാണ് ഈ അത്യപൂർവ അനുഷ്ഠാനങ്ങളുള്ള ആരാധനാലയം. ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയിരുന്ന നൂറ്റാണ്ടുകൾക്ക് മുമ്പും ജാതിമത ഭേദങ്ങളുടെ നാലമ്പലം കടന്ന് മനുഷ്യനും മനുഷ്യനും പിന്നെ ദേവിയും ഒന്നാകുന്ന പുണ്യഭൂമിയായിരുന്നു നെച്ചിപ്പുഴൂർ.

ബ്രാഹ്മണനും ദളിത് വിഭാഗക്കാരനും ഒരേ പോലെ പൂജ ചെയ്യുന്നതാണ് ഇവിടത്തെ വനദേവതയുടെ വരപ്രസാദം, അഭിഷ്ടവും.
'എന്റെ ഇളപൊഴുതിലമ്മേ , ഇവിടെ നിൽക്കുന്ന ഭക്തരുടെ ഗുണദോഷ വിചാരങ്ങൾ പറഞ്ഞു പോരണേ... ശനിദുരിതങ്ങൾ... കുടുംബപ്രാരാബ്ദങ്ങൾ... പിതൃസർപ്പദോഷങ്ങൾ തീർക്കണേ... കാക്കണേ...'
കുംഭമാസത്തിലെ പകൽ ചൂടിൽ മരുത്വാൻമാർ (വെളിച്ചപ്പാടുകൾ) ഉറഞ്ഞുതുള്ളി. വനദുർഗയുടെ കൽപ്പനകൾ കേട്ട ജനമനസുകളിൽ ഭക്തിയുടെ ലഹരി.

ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായ നെച്ചിപ്പുഴൂർ ഇളപൊഴുതുകാവിൽ നടന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ജാതിമത ഭേദമന്യേ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. ക്ഷേത്രത്തിന്റെ മേൽക്കോയ്മാ സ്ഥാനമുള്ള വെള്ളേപ്പിള്ളിൽ കൈമളെ തറവാട്ടിലെത്തി പുകയില സമർപ്പിച്ച് അനുവാദം ചോദിക്കുന്നതോടെയാണ് ദളിതരുടെ നേതൃത്വത്തിലുള്ള ഉത്സവത്തിനും പൂജകൾക്കും ഇളപൊഴുതുകാവിൽ തുടക്കമാകുന്നത്.

നെച്ചിപ്പുഴൂർ ഗ്രാമത്തിന്റെ നടുക്ക് ഒരേക്കറോളം വനത്തിനുള്ളിലാണ് ''പതി'' എന്നറിയപ്പെടുന്ന വനദുർഗ്ഗാക്ഷേത്രം.

മരുത്വാൻമാർ എന്നറിയപ്പെടുന്ന വെളിച്ചപ്പാടുകളുടെ നേതൃത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ. വ്രതമെടുത്ത മരത്വാൻമാർ ആദ്യം ''പതിയുണർത്തും.''
മുടി വിളക്ക് വഴിപാടിനും അന്നദാനത്തിനും ശേഷം ആറാട്ട് നടന്നു. ഉച്ചതിരിഞ്ഞ് ആറാട്ടെതിരേൽപ്പ്, കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ, അരിയേറ് വഴിപാട് എന്നിവയോടെയാണ് ഇളപൊഴുതിലമ്മയുടെ ഉത്സവം സമാപിച്ചത്.

ഫോട്ടോ അടിക്കുറിപ്പ്:

നെച്ചിപ്പുഴൂർ ഇളപൊഴുത് വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മരുത്വാൻമാരുടെ നേതൃത്വത്തിൽ നടത്തിയ ആറാട്ടെഴുന്നള്ളത്ത്.