മരങ്ങാട്ടുപിള്ളി: വൈക്കം-പാലാ റോഡിൽ മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പൈക്കാട് ഭാഗത്ത് റോഡിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് അധികൃതർ കൈയോടെ പിടികൂടി പിഴയടപ്പിച്ചു. പാലായിലെ ബേക്കറി, കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും വിൽക്കുന്ന ഒരു കട എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് പൊതുസ്ഥലത്ത് ചാക്കിൽകെട്ടി തള്ളിയതെന്ന് മരങ്ങാട്ടുപള്ളി പഞ്ചായത്ത് അധികാരികൾ പറഞ്ഞു. ഇലയ്ക്കാട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽകുമാറിന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കുറ്റക്കാരെ പിടികൂടിയത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഇരുകക്ഷികൾക്കും നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.