കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപാസിൽ മാലിന്യം തള്ളുന്നു
പാലാ: കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപാസിന്റെ അവസ്ഥ അധികാരികൾ ആരെങ്കിലും കാണുന്നുണ്ടോ...? റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് പൊന്തിയിരിക്കുന്നു. ഇതൊന്നും ഒന്നു വെട്ടിനീക്കാൻ പോലും ആർക്കും സമയമില്ല. ഇരുവശവും കാടുപിടിച്ചു കിടക്കുന്നത് ഇവിടേയ്ക്ക് മാലിന്യം തള്ളാനുള്ള ലൈസൻസായി കാണുകയാണ് സാമൂഹ്യവിരുദ്ധർ. കടപ്പാട്ടൂർ അമ്പലം ജംഗ്ഷൻ മുതൽ പന്ത്രണ്ടാം മൈൽ വരെയുള്ള റോഡിൽ രൂക്ഷമായ ദുർഗന്ധം ഉയരുകയാണ്. ഭക്ഷണാവശിഷ്ടങ്ങളും അറവുശാലകളിൽ നിന്നുള്ള മാലിന്യവും റോഡുവക്കുകളിൽ തള്ളുന്നത് പതിവായിട്ടുണ്ട്. അടുത്തിടെ കടപ്പാട്ടൂർ ക്ഷേത്രത്തിന് നൂറു മീറ്റർ അകലെ വഴിവക്കിൽ വൻതോതിൽ മാലിന്യം ആരോ തള്ളിയിരുന്നു. ഇതുസംബന്ധിച്ച് പാലാ നഗരസഭയിലും മുത്തോലി പഞ്ചായത്തിലും ജനങ്ങൾ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലായെന്നാണ് ആക്ഷേപം . റോഡ് വശങ്ങളിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ വഴിയിലേക്ക് ചാഞ്ഞുനിൽക്കുന്നതും പ്രശ്‌നമാണ്.
ഈ ബൈപാസിൽ വഴിവിളക്കുകൾ ഇല്ലായെന്നുള്ളതും കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. വഴിവിളക്കുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഒരു ജനപ്രതിനിധി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇത് എന്ന് നടക്കുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല.
നിവേദനം നൽകി
കടപ്പാട്ടൂർ പന്ത്രണ്ടാംമൈൽ ബൈപാസിന്റെ ഇരുവശങ്ങളിലുമുള്ള കാടുവെട്ടിത്തെളിച്ച് റോഡ് വൃത്തിയാക്കുക, രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുക, വഴിവിളക്ക് എത്രയുംവേഗം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാരും പാലാ പൗരസമിതി പ്രസിഡന്റ് പി. പോത്തനും അധികൃതർക്ക് നിവേദനം നൽകി.