naga

പാലാ : ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിയായ യുവതിയെ വർക്ക് ഷോപ്പ് ഉടമയും കൂട്ടാളികളും ചവിട്ടുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതി ശങ്കറിന്റെ വർക്ക് ഷോപ്പ് അടച്ചുപൂട്ടാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പാലാ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലപറമ്പിലും, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നീനാ ജോർജ്ജ് ചെറുവള്ളിയും പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഞൊണ്ടിമാക്കൽ കവലയിൽ ചേർന്ന സർവകക്ഷി പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. വർക്ക് ഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥൻ വട്ടക്കുന്നേൽ ജോർജ്ജിനോട് കെട്ടിടം വാടകയ്ക്ക് നൽകരുതെന്ന് നഗരസഭാധികാരികൾ അഭ്യർത്ഥിച്ചു. ഒപ്പം നഗരസഭ ലൈസൻസ് പുതുക്കി നൽകുകയുമില്ല. നാടിനാകെ വേദനയായ ഈ ക്രൂരകൃത്യത്തിൽ പങ്കെടുത്ത മുഴുവൻ കുറ്റവാളികളെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. വിവിധ കക്ഷിനേതാക്കളായ അഡ്വ. എ.എസ് തോമസ്, മാർട്ടിൻ, ആർ.അജി, ശുഭ സുന്ദർരാജ്, തോമസ് ആർ.വി, സിബി ജോസഫ്, സന്തോഷ് പുളിക്കൽ, സലിൻ റ്റി.ആർ, പി.എൻ. പ്രമോദ്, ജിന്റോ വാകാനിപറമ്പിൽ, മുനിസിപ്പൽ കൗൺസിലർമാരായ മായാ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി തുടങ്ങിയവർ പ്രസംഗിച്ചു.