exm

കോട്ടയം : അദ്ധ്യയന വർഷം തുടങ്ങിയപ്പോൾ ഓൺലൈൻ ക്ലാസ്. പിന്നീട് ഓഫ്‌ലൈനും ഓൺലൈനും. അദ്ധ്യനവർഷം അവസാനിക്കാറായപ്പോൾ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പരീക്ഷയും എത്തി. മാറി മറിഞ്ഞ പഠനരീതികളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഈ അദ്ധ്യയന വർഷം നേരിട്ടത്. സ്‌കൂളുകളിൽ പ്രീ മോഡൽ, മോഡൽ പരീക്ഷകൾ തുടങ്ങി. ആദ്യമായി സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണ്. അദ്ധ്യാപകരെ നേരിൽക്കണ്ട് സംശയങ്ങൾ തീർത്ത് പഠിക്കാനും കൂട്ടുകാരെ കാണാനും കഴിയുന്നതിന്റെ സന്തോഷമാണ് വിദ്യാർത്ഥികൾക്ക്. എല്ലാ സ്‌കൂളുകളിലും 90 ശതമാനത്തിന് മുകളിൽ ഹാജരുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസുകളിൽ ഇരിക്കേണ്ടതെങ്ങനെയെന്ന് അറിയില്ലായിരുന്നെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഓൺലൈൻ പഠനരീതിയിൽ നിന്നും മൊബൈൽ ഫോണിൽനിന്നും പാഠപുസ്തകത്തിലേക്ക് എത്തിക്കാൻ ക്ലാസുകൾ നൽകേണ്ടിവന്നു. എങ്കിലും പാഠ്യപദ്ധതിയിൽ നിന്ന് വാട്‌സ് ആപ്പ് വിട്ടുപോയിട്ടില്ല. നോട്ടുകൾ വാട്‌സ് ആപ്പ് വഴി അയയ്ക്കുന്നതിനാൽ ക്ലാസെടുക്കാൻ കൂടുതൽ സമയം ലഭിക്കുന്നുണ്ടെന്ന് അദ്ധ്യാപകരും പറയുന്നു.

പഠനം ഇതുവരെ

മിക്ക സ്കൂളുകളിലും ഓൺലൈൻ ക്ലാസിൽ തന്നെ പാഠഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ക്ലാസുകൾ തുടങ്ങിയതോടെ ഇവ വീണ്ടും പഠിപ്പിക്കുകയാണ് അദ്ധ്യാപകർ. കഴിഞ്ഞ വർഷം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കിൽ ഇത്തവണ 30% ചോദ്യങ്ങൾ പുറത്തുനിന്നുമാണ്. വിദ്യാർത്ഥികളെ ബാച്ചുകളായി തിരിച്ച് പ്രത്യേക ചോദ്യങ്ങൾ തയ്യാറാക്കിയും പരിശീലിപ്പിക്കുന്നുണ്ട്. റിവിഷൻ നടത്താനായി സ്‌പെഷ്യൽ ക്ലാസുകളും ആരംഭിച്ചു.

എഴുത്താണ് പ്രശ്‌നം

ഓൺലൈൻ ക്ലാസ് കഴിഞ്ഞെത്തിയതോടെ എഴുതാൻ വിദ്യാർത്ഥികൾ കൂടുതൽ സമയമെടുക്കുന്നുണ്ട്. മോഡൽ പരീക്ഷകളിലൂടെ സമയത്തിനുള്ളിൽ എഴുതി തീർക്കാനുള്ള പരിശീലനം കൂടിയാണ് നൽകുന്നത്. ചെറിയ ക്ലാസിലെ ചില കുട്ടികളെ അക്ഷരം എഴുതാനും പഠിപ്പിക്കേണ്ടി വരുന്നു.

യാത്രാ ദുരിതം

വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. സ്റ്റോപ്പുകളിൽ നിറുത്താതെയും കുട്ടികളെ കയറ്റാതെയുമുള്ള സ്വകാര്യ ബസുകളുടെ നടപടിക്കെതിരെ പൊലീസും മോട്ടോർ വാഹനവകുപ്പും ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.