punnamoodu-1

ചങ്ങനാശേരി : ബ്ലാക്ക് സ്പോട്ട് ഏരിയയായി പ്രഖ്യാപിച്ചിട്ടും അപകടങ്ങൾ വിട്ടൊഴിയാതെ തുരുത്തി പുന്നമൂട് ജംഗ്ഷൻ. ഇന്നലെ ഉച്ചക്കഴിഞ്ഞ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. എം.സി റോഡിൽ പാലാത്രചിറ മുതൽ ചിങ്ങവനം പുത്തൻപാലം വരെയുള്ള ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. തുരുത്തി കാനാ ജംഗ്ഷന് സമീപമാണ് കൂടുതൽ അപകടങ്ങൾ. സംസ്ഥാനത്തെ കഴിഞ്ഞ 3 വർഷത്തെ അപകട കണക്കുകളുടെ അടിസ്ഥാനത്തിൽ പതിവ് അപകടസ്ഥലങ്ങളായ തുരുത്തി കാനാ മുതൽ പുന്നമൂട് വരെ ബ്ലാക്ക് സ്‌പോട്ട് പട്ടികയിൽ റോഡ് സേഫ്റ്റി അതോറിറ്റി രേഖപ്പെടുത്തിയിട്ട് നാളുകളായി. എന്നാൽ ഇതുവരെയും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടിയില്ല.

എം.സി റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി പായുന്നത്. മിഷ്യൻപള്ളി ജംഗ്ഷനിലെയും, കാനാ ജംഗ്ഷനിലെയും റോഡിലെ അനധികൃത പാർക്കിംഗ്, അശ്രദ്ധ, വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ച് നീക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു.

കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനിടയിലും അപകടങ്ങൾ സംഭവിക്കുന്നുണ്ട്.

വില്ലനായി വളവുകൾ

പാലാത്രചിറ മുതൽ പുത്തൻ പാലം വരെയുള്ള ഭാഗത്ത് നിരവധി അപകട വളവുകളാണുള്ളത്. രാത്രിയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളതും ഈ ഭാഗത്താണ്. കാവാലം ഭാഗത്ത് നിന്നുള്ള റോഡും ഇത്തിത്താനം ഭാഗത്ത് നിന്നുള്ള റോഡും സംഗമിക്കുന്ന പുന്നമൂട് ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ബൈപ്പാസ് റോഡിലെ അപകടത്തെ തുടർന്ന് എം സി റോഡിൽ പൊലീസ് പരിശോധന ശക്തമാക്കി.

തുരുത്തി അഞ്ചൽ കുറ്റി മുതൽ പാലാത്ര ജംഗ്ഷൻ വരെ അടിയന്തിരമായി വേഗനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണം. സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണം.

സതീഷ്, പ്രദേശവാസി