സോളാർ ലൈറ്റുകൾ മൂന്നുവർഷമായി പ്രവർത്തനരഹിതം

പൊൻകുന്നം:ലോകനിലവാരത്തിൽ നിർമ്മിച്ച സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം-പാലാ റോഡിൽ പകൽപോലെ വെളിച്ചം പകരുമെന്ന് പറഞ്ഞു സ്ഥാപിച്ച സോളാർ ലൈറ്റുകൾ കണ്ണടച്ചിട്ട് മൂന്നുവർഷം. നാനൂറിലേറെ ലൈറ്റുകൾ കൂട്ടത്തോടെ തകരാറിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഒന്നും ഉണ്ടാകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. കെ.എസ്.ടി.പിയുടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായി പി.പി.റോഡ് വികസനം നടത്തിയപ്പോഴാണ് 45 മീറ്റർ ഇടവിട്ട് 21 കലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 450ലേറെ വഴിവിളക്കുകൾ സ്ഥാപിച്ചത്. മൂന്നുവർഷം പരിപാലന ചുമതലയോടെയാണ് ഇവ സ്ഥാപിച്ചതെങ്കിലും ഇതിനിടെ തകരാറിലായവ നന്നാക്കാൻ നടപടിയെടുത്തില്ല. കാലാവധി കഴിഞ്ഞതോടെ ബാക്കിയുള്ളവയും കേടായി. ഇപ്പോൾ കാടുകയറിയ വിളക്കുതൂണുകൾ നിരനിരയായി നിൽക്കുന്ന കാഴ്ചയാണ് വഴിയരികിൽ. ഇതിനിടെ വാഹനങ്ങൾ ഇടിച്ച് നിരവധി തൂണുകൾ തകർന്നു. വാഹന ഉടമകളോട് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ആ തുക ഉപയോഗിച്ച് തകർന്ന തൂണുകൾ മാറ്റിയില്ല.

പറഞ്ഞു, പക്ഷേ നടന്നില്ല

ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി വന്നപ്പോൾ അനർട്ടിന് പരിപാലനച്ചുമതല നൽകി വിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.