
കോട്ടയം : എം.ജി സർവകലാശാലയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ എം.ബി.എ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ.എൽസി നാല് വിദ്യാർത്ഥികളിൽ നിന്ന് കൂടി ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. എൽസിയുടെ ബാങ്ക് രേഖകളിൽ നിന്നാണ് അനധികൃത പണമിടപാടിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചത്. ജാമ്യം നേടി ജയിൽമോചിതയായ എൽസിയെ വീണ്ടും ചോദ്യം ചെയ്ത ശേഷം വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനാണ് വിജിലൻസ് തീരുമാനം. 2010-14 ബാച്ചിലുള്ള മേഴ്സി ചാൻസിലുള്ള നാലു വിദ്യാർത്ഥികളാണ് എൽസിയുടെ വലയിൽ വീണത്. സാമ്പത്തിക ചുറ്റുപാട് മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മേഴ്‌സി ചാൻസിൽ ജയിപ്പിച്ച് തരാമെന്നായിരുന്നു വാഗ്ദാനം. എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളടേയും ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കമ്പ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എം.ബി.എ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എൽസിയെ വിജിലൻസ് പിടികൂടിയത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് കുടുക്കിയത്.
കൈക്കൂലി 75000 വരെ
2500, 5000, 75000 എന്നിങ്ങനെയുള്ള പണമാണ് എൽസിയുടെ അക്കൗണ്ടിലേയ്ക്ക് വിദ്യാർത്ഥികൾ നൽകിയത്. ഈ പണമത്രയും കൈക്കൂലിയാണെന്ന് ഉറപ്പിക്കുകയാണ് വിജിലൻസ്.