
തലയോലപ്പറമ്പ് : ഔദ്യോഗിക രംഗത്ത് നിന്ന് വിരമിച്ച പൊലീസ് ഓഫീസറും, കായികാദ്ധ്യാപകനും, അഭിഭാഷകനുമായി ചേർന്ന് നടത്തിയ മത്സ്യ കൃഷി വിജയമായി. വൈക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച എസ്.ഐ ബാബു ജോസഫ് , നീർപ്പാറ ബധിര വിദ്യാലയത്തിൽ നിന്ന് വിരമിച്ച കായികാദ്ധ്യാപകൻ കെ.വി.ഫ്രാൻസീസ്, ഹൈക്കോടതിയിലെ അഭിഭാഷകനായ പി.എ.അഗസ്റ്റിൻ എന്നിവരാണ് മത്സ്യ കൃഷിയിൽ വിജയഗാഥ രചിച്ചത്. ഫിഷറീസ് വകുപ്പിന്റ ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി വെള്ളൂർ പഞ്ചായത്ത് പത്താം വാർഡ് വടകരയിൽ സൈലന്റ് റിവർ റിസോർട്ടിന് സമീപം ഒന്നര ഏക്കർ വിസ്തൃതിയുള്ള ജലാശയത്തിലാണ് കൃഷി ആരംഭിച്ചത്. നൈൽ തിലോപ്പിയ, കരിമീൻ , ഗ്രാസ് കാർപ്പ്, കറൂപ്പ് തുടങ്ങിയവയാണ് വളർത്തിയത്. മത്സ്യ തീറ്റ മാത്രം നൽകി വളർത്തിയ നൈൽ തിലോപ്പിയ ആറു മാസമെത്തിയപ്പോൾ 750 ഗ്രാമോളം വളർച്ചയെത്തി. രുചിയിൽ കരിമീനെ വെല്ലുന്ന പിടയ്ക്കുന്ന നൈൽ തിലോപ്പിയ ഫാമിലെത്തി നിരവധിപ്പേരാണ് വാങ്ങുന്നത്. വിളവടുപ്പ് പ്രമാണിച്ച് ഫാമിലെത്തിയവർക്ക് മത്സ്യം വെട്ടി വൃത്തിയാക്കി നൽകി. നൈൽ തിലോപ്പിയയുടെ ആദ്യ വിളവെടുപ്പ് വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു നിർവഹിച്ചു. വരിക്കാംകുന്ന് പ്രസാദഗിരി പള്ളി വികാരി ഫാ. സുബിൻ കിടങ്ങൻ അദ്ധ്യക്ഷത വഹിച്ചു.