മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ഗുരു കടാക്ഷം പുനരധിവാസ നിധി സമാഹരണ പദ്ധതിയിലേയ്ക്ക് ആദ്യ ഗഡുവായി 8.5 ലക്ഷം രൂപ കോട്ടയം യൂണിയൻ കൈമാറി. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് വി.എം. ശശി, സെക്രട്ടറി രാജീവ് എന്നിവരിൽ നിന്ന് ആദ്യ ഗഡു യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഏറ്റുവാങ്ങി. കഴിഞ്ഞ ഒക്ടോബർ 11 നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കിടപ്പാടം ഉൾപ്പെടെ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശമനുസരിച്ചാണ് ഗുരുകടാക്ഷം പുനരധിവാസനിധി സമാഹരണ പദ്ധതി ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഹൈറേഞ്ച് യൂണിയൻ മേഖലയിലെ ശാഖകൾ, സമീപ യൂണിയനുകൾ എന്നിവിടങ്ങളിൽ നിന്നാണ് നിധി സമാഹരണം നടത്തുന്നത്. സമീപ യൂണിയനുകൾ സമാഹരിച്ച തുക ഏപ്രിൽ ഒന്നിനകം ഹൈറേഞ്ച് യൂണിയനു കൈമാറും.

എസ്.എൻ.ഡി.പി യോഗവും യൂണിയനും 10 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ ദുരന്തബാധിത മേഖലകളിൽ നേരത്തെ വിതരണം ചെയ്തിരുന്നു.

കോട്ടയം യൂണിയൻ സമാഹരിച്ച തുക തുഷാർ വെള്ളാപ്പള്ളി ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ.പി. ജീ രാജ് എന്നിവർക്ക് കൈമാറി. സ്‌പൈസസ് ബോർഡ് ചെയർമാനും, യോഗം കൗൺസിലറുമായ എ.ജി.തങ്കപ്പൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ കെ.എസ്.രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.