കോട്ടയം : കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി പാലായിലേക്ക്. പാലാ താലൂക്ക് ആശുപത്രിയോടു ചേർന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ജോസ് കെ.മാണി എം.പി കേന്ദ്ര സർക്കാരുമായി നടത്തിയ ഇടപെടലിനെത്തുടർന്നാണ് നടപടി. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തെ ആദ്യത്തെ സെന്ററാണിത്. മെഡിക്കൽ ലബോറട്ടറി സർവീസസ് യൂണിറ്റുകൾ സെന്ററിന്റെ ഭാഗമാണ്. തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് മെഡിക്കൽ കോളജുകളിലും മറ്റു സർക്കാർ ആശുപത്രികളിലും ലഭ്യമല്ലാത്ത വിവിധ രോഗനിർണയ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. തൈറോയ്ഡ് ഹോർമോണുകൾ, കാൻസർ മാർക്കേഴ്‌സ്, ഇമ്യൂണിറ്റി ടെസ്റ്റുകൾ തുടങ്ങി 450 ഓളം രോഗനിർണയ സൗകര്യങ്ങളാണ് തയാറായിരിക്കുന്നത്.

എം.ആർ.ഐ, പെറ്റ്‌സ് സ്‌കാൻ, മാമോഗ്രം, ഇമേജിങ് തുടങ്ങി ടെസ്റ്റ് സൗകര്യങ്ങൾ സർക്കാർ നിരക്കിൽ അടുത്ത ഘട്ടമായി തുടങ്ങും.സമീപ പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് കളക്ഷൻ യൂണിറ്റുകളാണ് മറ്റൊരു പ്രത്യേകത.

ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ജീവനക്കാർ നേരിട്ട് പാലായിലെ ലബോറട്ടറിയിൽ എത്തിച്ച് രോഗനിർണയം നടത്തും. ഇതോടെ സെന്റർ ജില്ലയിലെ നോഡൽ ലബോറട്ടറിയായി മാറും.

നാളെ രാവിലെ 11 ന് ജോസ് കെ. മാണി എം.പി. മെഡിക്കൽ ലബോറട്ടറി സർവ്വീസസിന്റെ ഉദ്ഘാടനം നിർവഹിക്കും. തോമസ് ചാഴികാടൻ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുംം. നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പൻ മുഖ്യാതിഥിയായി പങ്കെടുക്കും. ആർ.ജി.സി.ബി. ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ ആമുഖ വിവരണം നടത്തും. വിവിധ നേതാക്കളായ നിർമ്മല ജിമ്മി, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ഡോ. ഷമ്മി രാജൻ, ഫിലിപ്പ് കുഴികുളം, പി.എം. ജോസഫ്, പ്രശാന്ത് മോനിപ്പള്ളി, പ്രൊഫ. സതീശ് ചൊള്ളാനി, പി.കെ. ഷാജകുമാർ, പീറ്റർ പന്തലാനി, പി.എസ്. ശബരീനാഥ്, ആർ. അശോക് തുടങ്ങിയവർ പ്രസംഗിക്കും