
കോട്ടയം: സപ്ലൈക്കോ സ്റ്റോറിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നു. സബ്‌സിഡിയുളള പരിപ്പ്, വെളിച്ചെണ്ണ, തുവര, ഉഴുന്ന്, വൻപയർ തുടങ്ങിയവക്കാണ് കൂടുതൽ ക്ഷാമം. പലയിടങ്ങളിലും അരിയും കിട്ടാനില്ല. വിപണി വിലയേക്കാൾ കുറവിൽ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ സപ്ലൈക്കോയെ ആശ്രയിക്കുന്നവർ ഏറെയാണ്. യുക്രെയിനിലെ യുദ്ധത്തെ തുടർന്ന് പാമൊയിൽ, സൂര്യകാന്തി എണ്ണ, നിലക്കടല എണ്ണ തുടങ്ങിയവയ്ക്ക് വിലവർദ്ധിച്ചിരുന്നു. ഇതോടെ കൂടുതൽ പേർ വെളിച്ചെണ്ണ തേടി എത്തുന്നുണ്ട്. എന്നാൽ, കുറച്ച് സ്‌റ്റോക്കുമാത്രമാണുള്ളത്. മുളക് ഉൾപ്പെടെയുള്ള സാധനങ്ങൾ എല്ലാമാസവും ലഭിക്കാത്തതും സാധാരണക്കാർക്ക് തിരിച്ചടിയാണ്. ഏറെപേരാണ് സപ്ലൈകോയിൽ വറ്റൽ മുളക് തേടിയെത്തുന്നത്. എന്നാൽ, ഇടവിട്ട മാസങ്ങളിലാണ് ഇതു ലഭിക്കുന്നത്.