മണർകാട്: കടുത്തവേനലിൽ, കുടിവെള്ള ക്ഷാമം നേരിടുമ്പോൾ, പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാകുന്നത് പതിവാകുന്നു. മണർകാട് പഞ്ചായത്തിലെ നാലാം വാർഡിലാണ് വെള്ളത്തിന് ക്ഷാമം നേരിടുന്നത്. റോഡുകളും തകർന്ന നിലയിലാണ്. രാത്രി കാലങ്ങളിലാണ് പൈപ്പുകൾ പൊട്ടുന്നത്. വർഷങ്ങളായി റോഡിന്റെ സ്ഥിതി ഇതാണ്. നാളിതുവരെ പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിനും തകർന്ന റോഡ് അറ്റകുറ്റപ്പണികൾ ചെയ്ത് ടാർ ചെയ്യുന്നതിനും അധികൃതർ തയ്യാറാകുന്നില്ല. പ്രധാന റോഡിൽ നിന്നുമുള്ള ഗ്രാമീണ റോഡ് ത കർന്നത് പ്രദേശവാസികളെയും ദുരിതത്തിലാക്കി.

റോഡിൽ നിറയെ ചെറുതും വലുതുമായ കുഴികളും നിറഞ്ഞു. ഇടക്കാലത്ത് വാട്ടർ അതോറിറ്റി അധികൃതർ എത്തി അറ്റകുറ്റപ്പണികൾ ചെയ്‌തെങ്കിലും പൈപ്പ് പൊട്ടൽ ഒഴിയാബാധയായി. ലിറ്റർ കണക്കിന് വെള്ളമാണ് ഓരോ ദിവസവും നഷ്ടമാകുന്നത്.

@അപകടം തുടർക്കഥ

വെള്ളം നിറഞ്ഞ് കുഴികൾ അറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നു. കാൽനടയാത്രികരെയും ഇത് ദുരിതത്തിലാക്കുന്നു. വീതി കുറഞ്ഞ റോഡരികിലൂടെ കാൽനടയായി പോകുന്നവർക്ക് ചെളി അഭിഷേകം ആണ്.

@എളുപ്പ മാർഗം

മണർകാട്, തിരുവഞ്ചൂർ, അയർക്കുന്നം,അമയന്നൂർ തുടങ്ങി ഭാഗത്തേയ്ക്ക് എത്താൻ എളുപ്പമാർഗമായി ഉപയോഗിക്കുന്ന റോഡാണിത്. കുഴികളിൽ പ്രദേശവാസികൾ ചേർന്ന് കല്ലും മണ്ണും ചപ്പുമിട്ട് താൽക്കാലികമായി നികത്തുകയാണ് ചെയ്യുന്നത്. റോഡിന്റെ ശോച്യാവസ്ഥയും പൈപ്പ് പൊട്ടലും പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.