വൈക്കം : ടി.വി പുരം കണ്ണുകെട്ടുശ്ശേരി 115ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള മോഴിക്കോട് ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഹംസാനന്ദൻ കൊടിയേ​റ്റി. മനുശാന്തി, ഷാജി ശാന്തി എന്നിവർ സഹകാർമ്മികരായി. ഉത്സവത്തോടനുബന്ധിച്ച് 28ാമത് പുനഃപ്രതിഷ്ഠാ വാർഷികവും ആഘോഷിച്ചു. വിവിധ ദിവസങ്ങളിൽ മഹാഗണപതിഹോമം, കാഴ്ച ശ്രീബലി, അത്താഴപൂജ, ഗുരുപൂജ, തിരുവാതിര, കീർത്തനാലാപനം, കാവടി ഘോഷയാത്ര എന്നിവ നടത്തും.14 ന് പൂയം മഹോത്സവം ആഘോഷിക്കും. രാവിലെ 6.30 ന് കാവടി അഭിഷേകം, ഗുരുപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, ആറാട്ട് പുറപ്പാട്, ക്ഷേത്രകുളത്തിൽനിന്നും പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിപ്പ്, രാത്രി 8 ന് ഭക്തിഗാനാമൃതം എന്നിവ നടക്കും. കൊടിയേ​റ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് പി.വി.റോയ്, സെക്രട്ടറി സലിംകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, ഷിബു, രഞ്ജിത്ത്, അനുമോദ്, കൃഷ്ണദേവ് എന്നിവർ നേതൃത്വം നൽകി.