
ഈരാറ്റുപേട്ട: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് മൂന്നര വയസുകാരൻ മരിച്ചു. നടയ്ക്കൽ കോന്നച്ചാടത്ത് ജവാദിന്റെ മകൻ അഹ്‌സൻ അലിയാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ സമീപത്തെ ബന്ധുവീട്ടിൽ വച്ച്, വശത്തേക്ക് തള്ളിനീക്കാവുന്ന ഗേറ്റിൽ കയറി നിന്ന് കളിക്കുന്നതിനിടെയാണ് സംഭവം. ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഈരാറ്റുപേട്ട പുത്തൻപള്ളി കബർസ്ഥാനിൽ കബറടക്കി. മാതാവ്: ആലുവ കരിങ്ങാംതുരുത്ത് സ്വദേശിനി ഷബാസ്. സഹോദരൻ: അയ്മൻ അലി (ഒന്നാം ക്ലാസ് വിദ്യാർത്ഥി, അൽ മനാർ സ്‌കൂൾ, ഈരാറ്റുപേട്ട). ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാമും ഇമാം ഏകോപന സമിതി ചെയർമാനുമായ മുഹമ്മദ് നദീർ മൗലവിയുടെ കൊച്ചുമകനാണ്. പിതാവ് ജവാദ് കുവൈറ്റിൽ.