പൊൻകുന്നം : കടവനാൽ കടവ് പാലം പുനുരദ്ധാരണത്തിന് 64.3 ലക്ഷം രൂപയുടെ അന്തിമ അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. മണിമലയാറിന് കുറുകെയുള്ള പ്രധാനപ്പെട്ട പാലമാണ് കടവനാൽ കടവ് പാലം. കഴിഞ്ഞ ഒക്‌ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ ഒരു സ്പാൻ തെന്നിമാറി കേടുപാട് സംഭവിച്ചതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയായിരുന്നു. കോട്ടയം പാലം വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ അടിയന്തരമായി 91 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ പരിശോധനയിൽ എസ്റ്റിമേറ്റ് തുക 63.4 ലക്ഷമായി പുന:ക്രമീകരിച്ചാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്.